കുവൈത്ത് സിറ്റി: സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നേപ്പാളിലെ നിർധനരായ 30 ആളുകൾക്ക് ശസ്ത്രക്രിയകൾ നടത്തിയതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. ലോകമെമ്പാടുമുള്ള രോഗികൾക്ക് സൊസൈറ്റി നൽകുന്ന മെഡിക്കൽ പരിചരണത്തിന്റെ ഭാഗമായാണ് നേപ്പാൾ ജനതക്കും സഹായം എത്തിച്ചത്.
നേപ്പാളിൽ മൂന്നാമത്തെ ശസ്ത്രക്രിയ ക്യാമ്പിന് തുടക്കമിട്ടിട്ടുണ്ടെന്നും ഇത് ജനങ്ങൾക്ക് ഏറെ സഹായകമാകുമെന്നും കെ.ആർ.സി.എസ് ഉപദേശക അംഗവും അൽ അമീരി ഹോസ്പിറ്റലിലെ യൂറോളജി ആൻഡ് എൻഡോസ്കോപ്പി യൂനിറ്റ് മേധാവിയുമായ ഡോ. അബ്ദുല്ലത്തീഫ് അൽ തുർക്കി പറഞ്ഞു. ദരിദ്രരായ രോഗികളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച മാനുഷിക സംരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയകൾക്കുള്ള ചെലവ് താങ്ങാനാകാത്ത രോഗികളുടെ ദുരിതം ലഘൂകരിക്കാനാണ് കെ.ആർ.സി.എസ് ശ്രമിക്കുന്നതെന്ന് പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി ഖാലിദ് അൽ സെയ്ദ് പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നിരവധി പാവപ്പെട്ട രോഗികളെ ചികിത്സിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. യമനിലെയും നേപ്പാളിലെയും ദരിദ്രർക്കുവേണ്ടിയും ജോർഡൻ, ലബനാൻ, ഫലസ്തീൻ, ഇറാഖ്, ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾ, സിറിയൻ അഭയാർഥികൾ എന്നിവർക്കായി കെ.ആർ.സി.എസ് നേരത്തേ ചികിത്സ കാമ്പയിൻ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.