നിയമവിരുദ്ധ ഉള്ളടക്കം; നെറ്റ്ഫ്ലിക്സിന് എതിരെ കുവൈത്തും

കുവൈത്ത് സിറ്റി: ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമായ 'നെറ്റ്ഫ്ലിക്സ്'ഇസ്‌ലാമിക മൂല്യങ്ങളെ അവഹേളിക്കുന്ന ഉള്ളടക്കം നീക്കംചെയ്യണമെന്ന ഗൾഫ് രാജ്യങ്ങളുടെ ആവശ്യത്തിനൊപ്പം കുവൈത്തും. ഈ നീക്കത്തെ പിന്തുണയ്ക്കുന്നതായി കുവൈത്ത് അറിയിച്ചു.

ഗൾഫ് രാജ്യങ്ങളുടെ അഭ്യർഥനയുമായി നെറ്റ്ഫ്ലിക്സ് എത്രത്തോളം പൊരുത്തപ്പെടുമെന്ന് കുവൈത്ത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഇൻഫർമേഷൻ മന്ത്രാലയത്തിന്റെയും കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു. അനുചിതമായ ഏതൊരു ഉള്ളടക്കവും കർശനമായി നിരോധിക്കും. ഗൾഫ് രാജ്യങ്ങളുടെ ആവശ്യം നിറവേറ്റിയില്ലെങ്കിൽ നെറ്റ്ഫ്ലിക്സ് നിയമനടപടി നേരിടേണ്ടിവരുമെന്നും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.

നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ നെറ്റ്ഫ്ലിക്സിന് ഗൾഫ് രാജ്യങ്ങളുടെ സംയുക്ത യോഗം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജി.സി.സി രാജ്യങ്ങളുടെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ആവശ്യമുന്നയിച്ചത്. ഗൾഫ് രാജ്യങ്ങളുടെ മാധ്യമചട്ടങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സിനോട് അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി.

സാമൂഹികമൂല്യങ്ങൾക്കും ഇസ്‍ലാമികമൂല്യങ്ങൾക്കും നിരക്കാത്ത ഉള്ളടക്കം നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യുന്നുണ്ട്. കുട്ടികൾക്ക് എന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സ് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു.

ഗൾഫ് രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് കുവൈത്ത് നിലപാടും പുറത്തുവന്നത്.

യു.എ.ഇയും സമാന നിലപാടുമായി മുന്നോട്ടുവന്നിട്ടുണ്ട്. മാധ്യമ സംപ്രേഷണ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും രാജ്യത്തെ സാമൂഹികമൂല്യങ്ങൾക്ക് വിരുദ്ധവുമായ ചില ഉള്ളടക്കങ്ങൾ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് യു.എ.ഇ പറയുന്നു.

വിവാദ ഉള്ളടക്കം നീക്കംചെയ്യാൻ യു.എ.ഇയും സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമിന് നിർദേശം നൽകി. ഡിജിറ്റൽ ടി.വി സർവേ പ്രകാരം 68 ലക്ഷത്തിലധികം വരിക്കാരുമായി നെറ്റ്ഫ്ലിക്സ് നിലവിൽ ഗൾഫ് മേഖലയിലെ കൂടുതൽ സബ്‌സ്‌ക്രിപ്‌ഷനുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ്.

Tags:    
News Summary - Kuwait aginst Netflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.