കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഈജിപ്തിലെത്തി. കൈറോ വിമാനത്താവളത്തിൽ അമീറിനെ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി നേരിട്ടെത്തി സ്വീകരിച്ചു. ഈജിപ്ത് ഉന്നത ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി. ഈജിപ്ത് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അംർ അഹമ്മദ് സമിഹ് തലാത്ത്, ഈജിപ്തിലെ കുവൈത്ത് അംബാസഡർ ഗാനിം അൽ ഗാനിം, അറബ് ലീഗിലെ കുവൈത്ത് സ്ഥിരം പ്രതിനിധി അംബാസഡർ തലാൽ അൽ മുതൈരി എന്നിവരും അമീറിനെ സ്വീകരിക്കാനെത്തി. തുടർന്ന്, അമീറിന് ഫെഡറൽ പാലസിൽ ഔദ്യോഗിക സ്വീകരണ ചടങ്ങ് ഒരുക്കി. അൽ ഇത്തിഹാദിയ കൊട്ടാരത്തിലേക്ക് അമീറിന്റെ ഔദ്യോഗിക വാഹനവ്യൂഹം എത്തിയപ്പോൾ അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്യാൻ കാഹളം മുഴക്കുകയും 21 റൗണ്ട് പീരങ്കികൾ പ്രയോഗിക്കുകയും ചെയ്തു. അമീറിനെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിൽ ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ മന്ത്രിയുമായ അൻവർ അലി അൽ മുദാഫ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, മുതിർന്ന അമീരി ദിവാൻ ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായും ഉന്നത നേതൃത്വവുമായും അമീർ ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് അമീർ ഈജിപ്തിലെത്തുന്നത്.
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി ചൊവ്വാഴ്ച അൽ ഇത്തിഹാദിയ പാലസിൽ ഔദ്യോഗിക ചർച്ച നടത്തി. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരു ജനങ്ങളുടെയും അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള സഹകരണം വർധിപ്പിക്കുന്ന വഴികളെക്കുറിച്ചും ഇരുവരും വിലയിരുത്തി. അറബ് രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന സംയുക്ത അറബ് പ്രവർത്തന പ്രക്രിയയെ പിന്തുണക്കുന്നതിനും എല്ലാ മേഖലകളിലും ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികൾക്കും ഇരുപക്ഷവും ധാരണയിലെത്തി. ഏറ്റവും പുതിയ പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ചയുടെ ഭാഗമായി. അമീറിന്റെ ഔദ്യോഗിക പ്രതിനിധി സംഘവും ചർച്ചയുടെ ഭാഗമായി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.