കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വിവിധ ലോകനേതാക്കളുമായി റമദാൻ ആശംസകൾ കൈമാറി. റമദാൻ ആശംസകൾ പങ്കുവെച്ച് തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദ് അമീറിനെ ഫോണിൽ വിളിച്ചു.
സംഭാഷണത്തിൽ തുനീഷ്യൻ പ്രസിഡന്റ് ഇരു രാജ്യങ്ങൾക്കും ജനങ്ങൾക്കും അറബ്, മുസ്ലിം ലോകങ്ങൾക്കും നന്മയും അനുഗ്രഹവും ആശംസിച്ചു. അമീറിന് ആരോഗ്യവും സൗഖ്യവും നൽകാനും അദ്ദേഹത്തിന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ കുവൈത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും നൽകാനും അദ്ദേഹം പ്രാർഥിച്ചു.
തുനീഷ്യൻ പ്രസിഡന്റിന് നന്ദി പറഞ്ഞ അമീർ, ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഇതെന്ന് സൂചിപ്പിച്ചു. ഖൈസ് സഈദിന്റെ നേതൃത്വത്തിൽ തുനീഷ്യക്ക് നന്മയും സമൃദ്ധിയും നേർന്നു.
ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ അൽ ഹുസൈനും അമീറിന് റമദാൻ ആശംസ അറിയിച്ചു. അമീറിന് ആയുരാരോഗ്യം നേർന്ന ജോർഡൻ രാജാവ് കുവൈത്തിന് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു. രാജാവിനോട് നന്ദി പറഞ്ഞ അമീർ, അബ്ദുല്ല രാജാവിന് നല്ല ആരോഗ്യവും രാജ്യത്തിന് അഭിവൃദ്ധിയും നേർന്നു.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും അമീറുമായി റമദാൻ ആശംസ കൈമാറി. ഇരു രാജ്യങ്ങൾക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ക്ഷേമം നേർന്ന ബഹ്റൈൻ രാജാവ്, അമീറിന് നല്ല ആരോഗ്യവും കുവൈത്തിന് കൂടുതൽ പുരോഗതിയും നേർന്നു. ഹമദ് രാജാവിന് നന്ദി പറഞ്ഞ അമീർ, ആയുരാരോഗ്യം നേർന്നു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി അമീറിനെ ഫോണിൽ വിളിച്ച് റമദാൻ ആശംസ കൈമാറി. ഇരു രാജ്യങ്ങൾക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും സമൃദ്ധിയും ക്ഷേമവും നേർന്ന ഈജിപ്ഷ്യൻ പ്രസിഡന്റ്, അമീറിന് മികച്ച ആരോഗ്യവും ആശംസിച്ചു. ആശംസകൾക്കും ക്ഷേമാന്വേഷണത്തിനും അമീർ, അബ്ദുൽ ഫത്താഹ് അൽ സീസിക്ക് നന്ദി അറിയിച്ചു.
പ്രസിഡന്റിന് നല്ല ആരോഗ്യവും ഈജിപ്തിന് കൂടുതൽ പുരോഗതിയും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.