കുവൈത്ത് സിറ്റി: ഒമാൻ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസിന്റെ ഉദ്ഘാടനത്തിൽ കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുത്തു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പമാണ് അമീർ ചടങ്ങിൽ പങ്കാളിയായത്.
അൽ വുസ്ത ഗവർണറേറ്റിലെ ദുകം വിലാത്തിലെ ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് മേഖലയിലെ ഏറ്റവും വലിയ ഊർജ പദ്ധതികളിലൊന്നാണ്. ഒമാനി ഒ.ക്യു ഗ്രൂപ്പും കുവൈത്ത് പെട്രോളിയം ഇൻറർനാഷനൽ കമ്പനിയും തമ്മിലെ സഹകരണത്തിലാണ് പദ്ധതി. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്. കുവൈത്തും ഒമാനും തമ്മിലെ ബന്ധവും സഹകരണവും ശക്തിപ്പെടുത്താൻ സംയുക്ത നിക്ഷേപം സഹായകമാവും.
അറബ് രാജ്യങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും ഒമാനിൽ നിക്ഷേപമിറക്കാൻ പദ്ധതി പ്രചോദനമാവുമെന്നും പ്രതീക്ഷിക്കുന്നു. സംരംഭം ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക സഹകണത്തിന് ഉദാഹരണമാണെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ അധികൃതർ വ്യക്തമാക്കി. റിഫൈനറി വാണിജ്യ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഒമാന്റെ മൊത്തം എണ്ണം ശുദ്ധീകരണശേഷി പ്രതിദിനം 5,00,000 ബാരലായി ഉയരും. ആധുനിക ഹൈഡ്രോകാർബൺ ക്രഷിങ്, കോക്കിങ് യൂനിറ്റുകൾ ഉൾപ്പെടെ അത്യാധുനിക സാങ്കേതികവിദ്യകളോടെയാണ് റിഫൈനറി. പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ദ്രവീകൃത പെട്രോളിയം വാതകം, നാഫ്ത, ഡീസൽ, ജെറ്റ് ഇന്ധനം തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ റിഫൈനറി വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.