കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന സുഡാൻ ജനതക്ക് ആശ്വാസവുമായി കുവൈത്തിന്റെ കൂടുതൽ സഹായം. 10 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി കുവൈത്ത് അയച്ച വിമാനം സുഡാനിലെത്തി. സുഡാനിലെ ജനങ്ങളെ സഹായിക്കാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് ‘കുവൈത്ത് ബൈ യുവർ സൈഡ്’ എന്ന കാമ്പയിനിന്റെ ഭാഗമായാണ് ഇതെന്ന് സുഡാനിലെ കുവൈത്ത് അംബാസഡർ ഡോ.ഫഹദ് അൽ ദുഫൈരി പറഞ്ഞു. കുവൈത്തിലെ ചാരിറ്റികൾ സുഡാനിൽ മെഡിക്കൽ സെന്ററുകൾ, ഭക്ഷണ സഹായം, അനാഥരെ സഹായിക്കൽ, ദരിദ്ര കുടുംബങ്ങളെ സഹായിക്കൽ എന്നിവയുൾപ്പെടെ മാനുഷികവും ജീവകാരുണ്യവുമായ പദ്ധതികൾ നടത്തിവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സുഡാൻ ജനതക്ക് നൽകുന്ന സഹായം, പിന്തുണ എന്നിവക്ക് കുവൈത്തിലെ ചാരിറ്റികൾ, കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്), സന്നദ്ധ ഗ്രൂപ്പുകൾ എന്നിവക്ക് അൽ ദുഫൈരി നന്ദി അറിയിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി എസ്മത്ത് മുസ്തഫ, സുഡാൻ റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധി സദേഖ് ആദം എന്നിവരുൾപ്പെടെ സുഡാനീസ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി കുവൈത്ത് സഹായ വിമാനത്തെ സ്വീകരിച്ചു. പ്രധാനമായും മെഡിക്കൽ, മാനുഷിക മേഖലകളിലാണ് കുവൈത്ത് സുഡാനെ പിന്തുണക്കുന്നതെന്നും സുഡാൻ സർക്കാറും ജനങ്ങളും ഈ പിന്തുണയെ വളരെയധികം വിലമതിക്കുന്നുവെന്നും എസ്മത്ത് മുസ്തഫ പറഞ്ഞു. ഈ മാസം 23ന് സുഡാനിലേക്കുള്ള ദുരിതാശ്വാസ സഹായ എയർ ലിഫ്റ്റ് കുവൈത്ത് പുനരാരംഭിച്ചിരുന്നു. 40 ടൺ ഭക്ഷണവും മെഡിക്കൽ സപ്ലൈകളും ആദ്യഘട്ടത്തിൽ കുവൈത്ത് സുഡാനിൽ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.