കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ജീവിക്കാൻ ഏറ്റവും ചെലവുകുറഞ്ഞ ഗൾഫ് രാജ്യമായി കുവൈത്ത്. പ്രവാസികളുടെ ജീവിതച്ചെലവ് അളക്കുന്ന ‘മെർസർ’ സൂചികപ്രകാരം കുവൈത്ത് സിറ്റി ലോകത്തിലെയും ഗൾഫ് മേഖലയിലെയും കുറഞ്ഞ ജീവിതച്ചെലവുള്ള നഗരമാണ്. മെർസർ സൂചിക പ്രകാരം കുവൈത്ത് സിറ്റി ലോകത്തിലെ കുറഞ്ഞ ജീവിതച്ചെലവുള്ള നഗരങ്ങളിൽ 131ാം സ്ഥാനത്താണ്. എട്ട് ഗൾഫ് നഗരങ്ങളിൽ പ്രവാസികൾക്ക് ഏറ്റവും ജീവിതച്ചെലവു കുറഞ്ഞ നഗരമാണ് കുവൈത്ത് സിറ്റി.
ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളിലെ പ്രവാസികൾക്കായുള്ള മെർസർ സൂചിക കണക്കാക്കുമ്പോൾ താമസവാടക, ഭക്ഷണം, വസ്ത്രം, ഗതാഗതം, ആരോഗ്യ സംരക്ഷണം, ആരോഗ്യ സംരക്ഷണം, ഒഴിവുസമയ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ഇരുന്നൂറിലധികം ഘടകങ്ങളും സേവനങ്ങളും അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുക.
കറൻസിയിലെ ഏറ്റക്കുറച്ചിലുകൾ, ജീവിതച്ചെലവ് പണപ്പെരുപ്പം, വിലയിലെ അസ്ഥിരത എന്നിവയുൾപ്പെടെ വിദേശ ജീവനക്കാർക്കുള്ള തൊഴിൽ ഓഫറുകളുടെ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളും സൂചിക കണക്കിലെടുക്കുന്നു.
അൽജിയേഴ്സ്, അൽമാറ്റി, തൂനിസ്, താഷ്കന്റ് എന്നീ നഗരങ്ങളാണ് ആഗോളതലത്തിൽ പ്രവാസികൾക്ക് ഏറ്റവും ചെലവുകുറഞ്ഞ നഗരങ്ങൾ. ഹോങ്കോങ്, സിംഗപ്പൂർ, സൂറിച്ച് എന്നിവയാണ് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ നഗരങ്ങൾ. ഗള്‍ഫ് മേഖലയില്‍ ദുബൈ, അബുദബി, റിയാദ്, മനാമ, ജിദ്ദ എന്നിവ ഏറ്റവും ചെലവേറിയ നഗരങ്ങളാണ്. ലോകത്തെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ദുബൈ 18 സ്ഥാനത്താണ്.
അബൂദബി 43ാം സ്ഥാനത്തുമുണ്ട്. റിയാദ് (85), ജിദ്ദ (101), മനാമ (98), ദോഹ (126), മസ്കത്ത് (130) എന്നിങ്ങനെയാണ് മറ്റു ജി.സി.സി നഗരങ്ങളുടെ സ്ഥാനം. അറബ് നഗരങ്ങളില്‍ മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ജീവിതച്ചെചെലവ് അധികരിച്ചതായും സര്‍വേ വ്യക്തമാക്കുന്നു. എന്നാൽ, ചില ഘടകങ്ങൾ ചെലവ് വർധിപ്പിച്ചപ്പോൾ മറ്റു ഘടകങ്ങൾ ജീവിതച്ചെലവ് കുറക്കാനും വഴിയൊരുക്കി. വരുമാനത്തില്‍ കാര്യമായ വര്‍ധന ഇല്ലാതിരിക്കെ, ഗള്‍ഫ് നഗരങ്ങളില്‍ ജീവിതച്ചെലവുകള്‍ കുത്തനെ ഉയരുന്നത് പ്രവാസി സമൂഹത്തിന് വലിയ വെല്ലുവിളിയായി മാറുന്നതായ സൂചനയും സര്‍വേ റിപ്പോര്‍ട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.