കുവൈത്ത് സിറ്റി: കുവൈത്തും സൗദിയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യ ബന്ധങ്ങളെയും ദൃഢമായ ചരിത്രബന്ധങ്ങളെയും അനുസ്മരിച്ച് കിരീടാവകാശിക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽസഊദിന്റെ കത്ത്. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളെയും ചരിത്രബന്ധങ്ങളെയും കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ലഭിച്ച കത്തിൽ സൂചിപ്പിക്കുന്നു.
വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ, പരസ്പര താൽപര്യമുള്ള പ്രശ്നങ്ങൾ, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയും കത്തിൽ പരാമർശിക്കുന്നു. ഈ മാസം 27 മുതൽ 29 വരെ സൗദി അറേബ്യയിൽ നടക്കാനിരിക്കുന്ന ഫോർമുല- 1 റേസിലേക്കുള്ള ക്ഷണവും കത്തിലുണ്ട്.
കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽസഊദ് കത്ത് കിരീടാവകാശിക്ക് കൈമാറി. കിരീടാവകാശിയുടെ ദിവാൻ ചീഫ് ശൈഖ് അഹ്മദ് അൽ അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ്, ഓഫിസ് ഡയറക്ടർ ജമാൽ മുഹമ്മദ് അൽ തിയാബ്, ഓഫിസ് ഫോറിൻ അഫയേഴ്സ് അണ്ടർ സെക്രട്ടറി മാസിൻ ഈസ അൽ ഇസ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.