കുവൈത്ത് സിറ്റി: ഭാഗിക കർഫ്യൂ സമയത്ത് രാത്രി പത്തുവരെ നടക്കാനുള്ള പ്രത്യേക അനുമതി ഉപയോഗപ്പെടുത്തുന്നവർ അശ്രദ്ധരാകുന്നതായി ആക്ഷേപം.കുട്ടികളെ കൂട്ടി നടക്കാനിറങ്ങുന്ന കുടുംബങ്ങൾ അവരെ ചേർത്തുപിടിച്ചില്ലെങ്കിൽ അപകട ഭീഷണിയുണ്ട്. പ്രധാന റോഡുകളിലും ഉൾറോഡുകളിലും രാത്രി നടത്തക്കാരുടെ തിരക്കുണ്ട്. ഉൾറോഡുകളിൽ കർഫ്യൂ സമയത്ത് പൊതുവെ വാഹങ്ങൾ അപൂർവമായിരിക്കും.
എന്നാൽ, ആരോഗ്യപ്രവർത്തകരെ കൊണ്ടുവിടുന്നത് ഉൾപ്പെടെ പ്രത്യേകാനുമതിയുള്ള വാഹനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടുതന്നെ ജാഗ്രത അത്യാവശ്യമാണ്. നിരത്ത് ഒഴിഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങളും സാമാന്യം വേഗതയിലാകും വരുന്നത്.
തിരിവ് കഴിഞ്ഞുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ കാൽനടയാത്രക്കാരുടെ ദേഹത്ത് ഇടിക്കാൻ സാധ്യതയുണ്ട്. തലനാരിഴക്കാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്. വ്യായാമ നടത്തം മൈതാനത്ത് ആക്കുകയാണെങ്കിൽ ഇൗ പ്രശ്നമില്ല. ആളൊഴിഞ്ഞ സ്ഥലങ്ങളിലെ നടത്തം സുരക്ഷാഭീഷണി ഉയർത്തുമെന്നതിനാലാണ് ആളുകൾ റോഡുകൾ തെരഞ്ഞെടുക്കുന്നത്.
മുതിർന്നവർ സംസാരവും നടത്തവും ഒരുമിച്ച് തുടരുേമ്പാൾ കുട്ടിക്കൂട്ടങ്ങൾ റോഡിൽ പരന്നുനടക്കുകയാകും. വാഹന ഉടമകൾക്കും ഇത് ആശങ്ക നൽകുന്നുണ്ട്. തങ്ങളുടെ കുറ്റം കൊണ്ടല്ലാതെ അപകടമുണ്ടായാലും അനുഭവിക്കേണ്ടിവരുക തങ്ങളും കുടുംബവുമാണെന്ന് അവർ പറയുന്നു.
അബ്ബാസിയയിൽ മലയാളി കുടുംബങ്ങളാണ് നിരത്തിലിറങ്ങി നടക്കുന്നവരിലധികവും. മറ്റു ഭാഗങ്ങളിൽ അറബ് വംശജരായ കുട്ടികളും ധാരാളം റോഡുകളിൽ കാണാം. ഇവരിലധികവും രക്ഷിതാക്കൾക്കൊപ്പമല്ല എന്നതാണ് സ്ഥിതി.
ചെറിയ കുട്ടികളെ തനിച്ച് റോഡിലിറക്കി വിടുന്നതിലെ അപകടം അവർ മനസ്സിലാക്കുന്നില്ല.അതേസമയം, കുവൈത്തി താമസ മേഖലകളിൽ ഇങ്ങനെ അധികം കാണാറില്ല. രാത്രി ഏഴുമുതൽ പുലർച്ചെ അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ നിലവിലുള്ളത്. രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ മന്ത്രിസഭ പ്രത്യേക അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.