കുവൈത്ത് സിറ്റി: ഫലസ്തീനെതിരെ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഗസ്സയിൽ പുതിയ ഫീൽഡ് ആശുപത്രി സ്ഥാപിക്കാൻ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയും (കെ.ആർ.സി.എസ്) ഈജിപ്ഷ്യൻ റെഡ് ക്രസന്റും (ഇ.ആർ.സി) ധാരണ. ഇതിനായുള്ള കരാറിൽ ഇരുവിഭാഗവും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഈജിപ്തിലെ കുവൈത്ത് അംബാസഡർ ഗാനിം അൽ ഗാനിമിന്റെ സാന്നിധ്യത്തിൽ കെ.ആർ.സി.എസ് വൈസ് പ്രസിഡന്റ് അൻവർ അൽ ഹസാവിയും ഇ.ആർ.സി സി.ഇ.ഒ ഡോ. റാമി അൽ നാസറും കൈറോയിൽ നടന്ന യോഗത്തിൽ കരാറിൽ ഒപ്പുവെച്ചു.
750 ചതുരശ്ര മീറ്ററിൽ നിർമിക്കുന്ന ആശുപത്രിയിൽ 35 കിടക്കകളുണ്ടാകും. മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. ആശുപത്രി പ്രവർത്തനത്തിന് രണ്ടു മില്യൺ ഡോളറിലധികം ചെലവുവരുമെന്ന് കണക്കാക്കുന്നു. ഇസ്രായേൽ അധിനിവേശ സേന ആശുപത്രികളിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് ഗസ്സയിലെ ജനങ്ങളുടെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതിക്ക് ഉടനടിയുള്ള പ്രതികരണമായാണ് ഈ പദ്ധതി. ചൊവ്വാഴ്ച കെ.ആർ.സി.എസ് പ്രതിനിധി സംഘം ഈജിപ്തിൽനിന്ന് ഗസ്സയിലേക്കുള്ള റഫ അതിർത്തി ക്രോസിങ് സന്ദർശിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. കെ.ആർ.സി.എസ് സഹകരണത്തോടെ 490 ടൺ അടിയന്തര മാനുഷിക, മെഡിക്കൽ, ദുരിതാശ്വാസസഹായങ്ങൾ കയറ്റിയ 35 ട്രക്കുകളുടെ ഗസ്സയിലേക്കുള്ള യാത്രയും സംഘം നിരീക്ഷിച്ചു.
കൂടുതൽ ടെൻറുകളുമായി 32ാമത് വിമാനം
കുവൈത്ത് സിറ്റി: ഫലസ്തീനുള്ള സഹായവുമായി കുവൈത്തിൽനിന്നുള്ള 32ാമത് വിമാനം ഞായറാഴ്ച ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലെത്തി. ഗസ്സയിലെ കുവൈത്തിന്റെ ആശുപത്രിയെ പിന്തുണക്കുന്നതിനും വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനും ടെന്റുകൾ വിമാനത്തിൽ ഉൾപ്പെടുന്നു. ഗസ്സയിലെ സൊസൈറ്റിയുടെ കുവൈത്ത് ഹോസ്പിറ്റൽ അടിയന്തരമായി വിപുലീകരിക്കേണ്ടതുണ്ടെന്നും 500 ടെന്റുകൾ ഇതിനായി അയച്ചതായും അൽ റഹ്മ ഗസ്സ ഇന്റർനാഷനൽ റിലീഫ് കമ്മിറ്റി അംഗം വാലിദ് അൽ സുവൈലേം പറഞ്ഞു.
പരിക്കേറ്റവരുടെ എണ്ണം വർധിക്കുന്നതിനാലാണ് ആശുപത്രി പ്രവർത്തനം വിപുലീകരിക്കുന്നത്. ഗസ്സയെ സഹായിക്കുന്നതിനായി അൽ റഹ്മ ഇന്റർനാഷനൽ ഇതുവരെ ഒരു ദശലക്ഷത്തിലധികം കുവൈത്ത് ദീനാറിന്റെ വസ്തുക്കൾ അയച്ചിട്ടുണ്ട്. മെഡിക്കൽ സാമഗ്രികൾ, മരുന്നുകൾ, വിവിധ ദുരിതാശ്വാസവസ്തുക്കൾ, അഭയസാമഗ്രികൾ, നിരവധി ആംബുലൻസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതു മുതൽ കുവൈത്ത് സ്പെഷലൈസ്ഡ് ഹോസ്പിറ്റലിൽ പ്രതിദിനം 600ലധികം കേസുകൾ സ്വീകരിക്കുന്നുണ്ടെന്ന് അൽ റഹ്മ ഇന്റർനാഷനൽ ചാരിറ്റബ്ൾ പ്രവർത്തകൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.