കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് നീട്ടി. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ് ട്വിറ്ററിൽ അറിയിച്ചു.
കുവൈത്തികൾക്ക് ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന് ഒരാഴ്ചത്തെ ഹോം ക്വാറൻറീനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും. രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് തീർന്ന് ഫെബ്രുവരി 21 മുതൽ കുവൈത്തിലേക്ക് വരാമെന്ന പ്രഖ്യാപനത്തിൽ സന്തോഷിച്ചിരുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് തീരുമാനം.
നേരത്തെ, ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സ്വന്തം ചെലവിൽ കുവൈത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് ഏറെ ആഹ്ലാദത്തോടെയാണ് പ്രവാസികൾ കണ്ടിരുന്നത്. രണ്ടാഴ്ചത്തേക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ നിരവധി പ്രവാസികൾ പ്രയാസത്തിലായിരുന്നു.
തുർക്കിയിലും യു.എ.ഇയിലും ഇടത്താവളമായി എത്തിയവർ കുവൈത്തിലേക്ക് വരാൻ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് പലരും അധിക ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. ചിലർ നാട്ടിലേക്ക് തന്നെ തിരിച്ചുപോയി. വിസ പുതുക്കലുമായും ജോലിയുമായും ബന്ധപ്പെട്ട് അടിയന്തരമായി കുവൈത്തിലേക്ക് എത്തേണ്ടതുള്ളവർ കടുത്ത പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.