കുവൈത്ത് സിറ്റി: ലോകകപ്പിൽ പിന്തുണയും സുരക്ഷയും നൽകിയ കുവൈത്ത് ഫയർഫോഴ്സിനെ (കെ.എഫ്.എഫ്) ഖത്തറിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് (ജി.ഡി.സി.ഡി) ആദരിച്ചു. ചാമ്പ്യൻഷിപ്പിന്റെ വിജയത്തിലേക്ക് നയിച്ച കെ.എഫ്.എഫിന്റെ പരിശ്രമങ്ങൾക്ക് ജി.ഡി.സി.ഡി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഹമദ് അൽ ദെഹൈമി നന്ദി അറിയിച്ചു.
തിരച്ചിൽ, രക്ഷാപ്രവർത്തനം, അഗ്നിശമന സേന എന്നീ മേഖലകളിലെ വിദഗ്ധരടങ്ങിയ പ്രഫഷനൽ സംഘമാണ് ഖത്തറിന് പിന്തുണയുമായി എത്തിയതെന്ന് കെ.എഫ്.എഫ് ചീഫ് ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല മഹമൂദ് പറഞ്ഞു.
ലോകകപ്പ് സുരക്ഷിതമാക്കുന്നതിൽ പങ്കാളിയായതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ മത്സരങ്ങളാണ് ഖത്തറിൽ നടന്നതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഖത്തറിലെത്തിയ മറ്റു രാജ്യങ്ങളിൽനിന്നുള്ള സുരക്ഷ ജീവനക്കാരെയും ആദരിച്ചു. ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു. കുവൈത്ത് ഫയർഫോഴ്സിനെ കൂടാതെ, നാവിക സേന, നിരവധി വളന്റിയർമാർ എന്നിവരും ലോകകപ്പ് സേവനങ്ങൾക്കായി ഖത്തറിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.