കുവൈത്ത് സിറ്റി: രാജ്യത്ത് വേനൽ കനത്തുതുടങ്ങിയതോടെ തീപിടിത്തം വ്യാപകമായി. ഖൈത്താനിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം അഗ്നിശമന വിഭാഗം നിയന്ത്രണവിധേയമാക്കി. ഖൈത്താനിൽ വിദേശികൾ താമസിക്കുന്ന മൂന്നുനില കെട്ടിടത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. ആളപായമില്ല. അർദിയ, സബ്ഹാൻ, അസ്നാദ്, സുലൈബീകാത്ത് എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. ജഹ്റയിലെ തൈമയിലുണ്ടായ തീപിടിത്തം അഗ്നിശമനസേന നിയന്ത്രണവിധേയമാക്കി.
സബ്ഹാനിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം അഗ്നിശമന സേന ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. അതിനിടെ വ്യാഴാഴ്ച സൗത് ശർഖിൽ ബോട്ടിന് തീപിടിച്ചു. വേനൽക്കാലത്ത് തീപിടിത്തം പെരുകുന്ന പതിവുകാഴ്ച തന്നെയാണ് ഇത്തവണയും. മിക്ക ദിവസങ്ങളിലും ഒന്നിലധികം തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചെറിയ തീപിടിത്തങ്ങൾ വേറെയും. ഉയർന്ന അന്തരീക്ഷ ഉൗഷ്മാവിനൊപ്പം ചൂടുള്ള കാറ്റും ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക താരതമ്യേന പ്രയാസകരമാവുന്ന അവസ്ഥയാണ്. കൊടുംചൂടിൽ തീപിടിത്ത സാധ്യത കൂടുതലായതിനാൽ പെട്ടെന്ന് തീ പിടിക്കുന്നതും പടരുന്നതും തടയാനുള്ള സജ്ജീകരണങ്ങൾ ഉറപ്പാക്കണമെന്ന് അഗ്നിശമന സേനയുടെ മുന്നറിയിപ്പുണ്ട്. എളുപ്പത്തിൽ തീപിടിക്കാൻ ഇടയുള്ള വസ്തുക്കൾ സുരക്ഷാ സംവിധാനങ്ങളോടുകൂടിയാണോ സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. അഗ്നിശമന സേന സ്തുത്യർഹമായ സേവനമാണ് കാഴ്ചവെക്കുന്നത്. സ്വന്തം ജീവൻ അപകടപ്പെടുത്തിയാണ് ഇവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മംഗഫ്, അംഗറ, ജലീബ് എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.