ഉറക്കത്തിനിടെ എത്തിയ ദുരന്തം; പരക്കംപാഞ്ഞ് താമസക്കാർ; കെട്ടിടത്തിൽനിന്ന് പുറത്തേക്ക് ചാടിയ ചിലരും മരിച്ചു

കുവൈത്ത് സിറ്റി: രാത്രിജോലിയും ഷിഫ്റ്റ് ഡ്യൂട്ടിയും കഴിഞ്ഞ് ഉറങ്ങാൻ കിടന്നവരെയാണ് മരണം തീയും പുകയുമായി വന്നുമൂടിയത്. മൻഗഫിലെ ആറു നിലകളിലായുള്ള കെട്ടിടത്തിൽ ഓരോ ഫ്ലാറ്റിലുമായി നിരവധി തൊഴിലാളികളാണ് താമസിച്ചിരുന്നത്.

മലയാളികൾക്കു പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരും നേപ്പാളികളും സ്ഥാപനത്തിലെ തൊഴിലാളികളാണ്. പുലർച്ച നാലുമണിയോടെ ഉണ്ടായ തീപിടിത്തം അതിവേഗത്തിൽ എല്ലാ നിലകളിലേക്കും വ്യാപിച്ചു. ഉറങ്ങിക്കിടക്കുന്നവർക്ക് പുറത്തിറങ്ങാനോ ഓടിരക്ഷപ്പെടാനോ കഴിയുന്നതിന് മുമ്പായിരുന്നു അപകടം. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിട്ട് ഞെട്ടിയുണർന്നവർ സംഭവം അറിയാതെ പരിഭ്രാന്തരായി.

മുറികളിൽ നിറഞ്ഞ കനത്ത പുകയിലും ചൂടിലും ശ്വാസംമുട്ടിയാണ് ഭൂരിപക്ഷവും മരിച്ചത്. ചിലർ വാതിലിന് നേർക്ക് ഓടിയെങ്കിലും നിറഞ്ഞ പുക വഴിമുടക്കി. ലിഫ്റ്റ് പ്രവർത്തനവും നിലച്ചതോടെ പുകക്കൂട്ടിൽ അകപ്പെട്ട സ്ഥിതിയിലായിരുന്നു തൊഴിലാളികൾ. ഗോവണി വഴി ഇറങ്ങിയോടിയെങ്കിലും പലർക്കും താഴെ എത്താനായില്ല. ബാൽക്കണി തുറന്ന് അവിടെ കയറിനിന്ന് പലരും ശ്വാസമെടുത്തു. ചിലർ പുറത്തേക്ക് ചാടി. താഴേക്കു ചാടിയ ചിലർ മരിക്കുകയും മറ്റു ചിലർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി

കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് മുന്നറിയിപ്പ് നൽകി.

മൻഗഫിൽ വൻ അഗ്നിബാധയുണ്ടായ സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പാലിറ്റിയും അന്വേഷണ സംഘവും മുൻകൂർ മുന്നറിയിപ്പില്ലാതെ എല്ലാ അപ്പാർട്മെന്റ് കെട്ടിടങ്ങളും പരിശോധിക്കുമെന്നും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kuwait Fire Tragedy during Sleeping Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.