കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയുടെ വേദനാജനകമായ യാഥാർഥ്യത്തെ ഉയർത്തിക്കാട്ടി ജനീവയിൽ നടന്ന ആഗോള അഭയാർഥി ഫോറത്തിൽ കുവൈത്ത്. ഫലസ്തീനിലെ നിർബന്ധിത കുടിയൊഴിപ്പിക്കലിനെയും അക്രമത്തെയും കുറിച്ച് സംസാരിച്ച വിദേശകാര്യമന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് വെടിനിർത്തലിനും സഹായം എത്തിക്കാനും അടിയന്തര ഇടപെടൽ നടത്താൻ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. അഭയാർഥികളെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും സഹായിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പൂർണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
പൂർണ അവകാശങ്ങളോടെ സ്വതന്ത്ര രാഷ്ട്രം നേടിയെടുക്കുന്നതിനുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിൽ കുവൈത്തിന്റെ ഉറച്ച പിന്തുണ ശൈഖ് സലിം പുതുക്കി. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം അംഗീകരിക്കുന്നതിൽ യു.എൻ രക്ഷാ കൗൺസിൽ പരാജയപ്പെട്ടതും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും തകർച്ചയെക്കുറിച്ചുള്ള യു.എൻ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടതിനെയും അദ്ദേഹം സൂചിപ്പിച്ചു.
രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങൾക്ക് ഫലസ്തീനികളുടെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്താൻ കഴിയുമെന്ന് ശൈഖ് സലിം പ്രത്യാശ പ്രകടിപ്പിച്ചു. സിവിലിയന്മാരുടെ സംരക്ഷണത്തിനായി യു.എൻ.എസ്.സിയുടെ കഴിവുകൾ സമാഹരിക്കാനും അഭ്യർഥിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും യു.എന്നിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും നിബന്ധനകൾ പാലിക്കാൻ സമ്മർദം ചെലുത്തണമെന്നും ശൈഖ് സലിം ആവശ്യപ്പെട്ടു.
അഭയാർഥികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ യു.എൻ.എച്ച്.സി.ആറിന്റെ പങ്കിനെ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു.
യു.എൻ.എച്ച്.സി.ആറിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കുവൈത്തിന്റെ പൂർണ പിന്തുണയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.