കുവൈത്ത് സിറ്റി: യമനിൽ ദുരിതം നേരിടുന്നവർക്ക് കുവൈത്ത് സഹായം തുടരുന്നു. ഭക്ഷണവും മറ്റു വസ്തുക്കളും ഉൾക്കൊള്ളുന്ന സഹായം യമനിലെത്തിച്ചതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു.
സൗദി അറേബ്യയുടെ പ്രദേശങ്ങളിലൂടെയാണ് സഹായം യമനിലെത്തിച്ചത്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷ്യസഹായം നൽകുന്നതിനായി സൊസൈറ്റി നടപ്പാക്കുന്ന മാനുഷിക സംരംഭങ്ങളുടെ ഭാഗമാണ് സഹായം. സഹായ വിതരണത്തിന്റെ മേൽനോട്ടം വഹിക്കാൻ ഫീൽഡ് ടീം യമനിലേക്ക് പോകുമെന്ന് കെ.ആർ.സി.എസ് മേധാവി അബ്ദുൽറഹ്മാൻ അൽ ഔൻ പറഞ്ഞു.
സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ, ജല വിതരണ സൗകര്യങ്ങൾ തുടങ്ങി സൊസൈറ്റി വിവിധ വികസന പദ്ധതികൾ ഇവിടെ നടത്തിവരുന്നുണ്ട്.സമൂഹം കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഗവർണറേറ്റുകളിൽ ഭക്ഷണപ്പൊതികൾ, ചൂടുള്ള ഭക്ഷണം, ഷെൽട്ടർ സ്യൂട്ടുകൾ, ശുചിത്വ ബാഗുകൾ എന്നിവ വിതരണം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. യമനിലെ നിർധനരായ കുടുംബങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും മാന്യമായ ജീവിതം സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യമനികൾക്ക് കൂടുതൽ സഹായം എത്തിക്കാൻ അൽ ഔൻ സന്നദ്ധ സംഘടനകളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.