കുവൈത്ത് സിറ്റി: ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയാ അൽ സുഡാനിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്. 78ാമത് യു.എൻ ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ഇരുവരും ന്യൂയോർക്കിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. ഖോർ അബ്ദുല്ലയിലെ സമുദ്ര നാവിഗേഷൻ സംബന്ധിച്ച കരാർ റദ്ദാക്കിക്കൊണ്ട് ഇറാഖി ഫെഡറൽ കോടതിയുടെ സമീപകാല വിധിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുവരും ചർച്ചചെയ്തു. കോടതിവിധിയിൽ കുവൈത്തിനെതിരായ വീഴ്ചകൾ പരിഹരിക്കുന്നതിന് ഇറാഖ് സർക്കാറിന്റെ അടിയന്തര നടപടികൾ വേണമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
വിഷയത്തിൽ 2012ൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച കരാർ അടുത്ത വർഷത്തെ ഐക്യരാഷ്ട്രസഭയിലേക്ക് സമർപ്പിച്ചു. ഇരു രാജ്യങ്ങളുടെയും സുരക്ഷ, സ്വാതന്ത്ര്യം, പ്രാദേശിക സുരക്ഷ എന്നിവക്കുള്ള യു.എൻ സുരക്ഷ കൗൺസിൽ പ്രമേയങ്ങൾക്ക് അനുസൃതമായി അയൽപക്ക ബന്ധം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് സംസാരിച്ചു. ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി, കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ്, പ്രധാനമന്ത്രിയുടെ ദിവാൻ അണ്ടർസെക്രട്ടറി ശൈഖ് ഖാലിദ് തലാൽ അൽ ഖാലിദ് അസ്സബാഹ്, ചീഫ് ഓഫ് സ്റ്റാഫ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.