കുവൈത്ത് സിറ്റി: കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് മെഡിക്കൽ സംഘം സെൻട്രൽ ഗസ്സയിലെ അൽ ഹസനത്ത് അഭയാർഥി ക്യാമ്പിലെ താമസക്കാർക്ക് ഭക്ഷണപ്പൊതികളും മെഡിക്കൽ പാർസലുകളും വിതരണം ചെയ്തു. 2,500 ഭക്ഷണപ്പൊതികളും 330 മെഡിക്കൽ പാർസലുകളുമാണ് സംഘം എത്തിച്ചത്. സൊസൈറ്റിയുടെ ധനസഹായത്തോടെ ആരംഭിച്ച ‘സമൂഹ അടുക്കളയും’ കുവൈത്ത് ആശുപത്രിയിലെ എക്സ്റേ ഡയഗ്നോസ്റ്റിക് സെന്ററും സംഘം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. യഫ ഹോസ്പിറ്റലിലെ വിവിധ വാർഡുകൾ, അൽ ബർക ബേക്കറി, ദാർ അൽ യതീം അനാഥാലയം എന്നിവിടങ്ങളിൽ ബോംബാക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളും സംഘം വിലയിരുത്തിയതായി ടീം മേധാവി ഒമർ അൽ തൗവീനി പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവരെയും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെയും ചികിത്സിക്കാനും ഗസ്സയിലെ ആരോഗ്യ മേഖലയെ പിന്തുണക്കുന്നതിനുമായി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് മെഡിക്കൽ സംഘം ചൊവ്വാഴ്ചയാണ് ഗസ്സയിലെത്തിയത്. സംഘം ഇതിനകം നിരവധി ശസ്ത്രക്രിയകൾ നടത്തുകയും നൂറുകണക്കിന് പേർക്ക് വൈദ്യപരിചരണം നൽകുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ തകർത്ത ഗസ്സയിലെ നാസർ മെഡിക്കൽ കോംപ്ലക്സ് പ്രവർത്തന ക്ഷമമാക്കുന്നതിനായുള്ള നടപടികൾക്കും തുടക്കമിട്ടിട്ടുണ്ട്. വിവിധ സ്പെഷാലിറ്റികളിലെ ഡോക്ടർമാർ, നഴ്സ് എന്നിവരുൾപ്പെടെ 17 പേരാണ് മെഡിക്കൽ ടീമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.