കുവൈത്ത് സിറ്റി: ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള മാർഗങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രാലയം. ഇതിന്റെ ഭാഗമായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി ആരോഗ്യ രംഗത്തുള്ളവരുമായി ചർച്ച നടത്തി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ വകുപ്പുകൾ തമ്മിലുള്ള സഹകരണം പ്രധാനമാണെന്ന് മന്ത്രി ഉണർത്തി. ആശുപത്രികളുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഉയർന്ന നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിന് മെഡിക്കൽ ജീവനക്കാരുടെ വിതരണത്തിൽ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി സൂചിപ്പിച്ചു. 24 മണിക്കൂറും രോഗികൾക്ക് നിരന്തരവും സമഗ്രവുമായ പരിചരണം ഉറപ്പാക്കൽ, സംവിധാനം, രോഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഔട്പേഷ്യന്റ് ക്ലിനിക്കുകൾ എങ്ങനെ സംഘടിപ്പിക്കാം, ഉചിതമായ സമയങ്ങളിൽ വൈദ്യസഹായ ലഭ്യത ഉറപ്പുവരുത്തൽ, ഇന്റേണൽ മെഡിസിൻ വിഭാഗങ്ങളും മറ്റ് മെഡിക്കൽ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനം എന്നിവ യോഗം ചർച്ച ചെയ്തു. വിവിധ വകുപ്പുകളിലേക്കുള്ള ഡോക്ടർമാരുടെ വിതരണവും അവർക്കുള്ള പരിശീലനത്തിന്റെ പ്രാധാന്യവും യോഗം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.