കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാനും ലംഘനങ്ങൾ തടയുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും കുവൈത്ത് ഐക്യരാഷ്ട്രസഭ രക്ഷാസമിതിയോട് അഭ്യർഥിച്ചു. ‘മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ’ വിഷയത്തിൽ യു.എൻ ജനറൽ അസംബ്ലി ആറാമത്തെ കമീഷൻ സെഷനിൽ നടത്തിയ പ്രസ്താവനയിൽ കുവൈത്ത് നയതന്ത്ര അറ്റാഷെ മെതാബ് അൽ എനിസിയാണ് രാജ്യത്തിന്റെ നിലപാട് പ്രകടിപ്പിച്ചത്.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ലോകമെമ്പാടും ഗുരുതരമായ അപകടമായി തുടരുന്നു. സാധാരണക്കാരെ കൊലപ്പെടുത്തുകയും തുടച്ചുനീക്കുകയും അവരെ നാടുകടത്തുകയും ചെയ്യുന്നു. അത്തരം അപകടങ്ങൾ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും നേരിട്ട് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരാശിക്കെതിരായ എല്ലാതരം ക്രിമിനൽ നടപടികളും കുവൈത്ത് ഭരണകൂടം നിരസിക്കുന്നു. ഫലസ്തീൻ ജനതക്കും അവരുടെ നിയമാനുസൃതമായ അവകാശങ്ങൾക്കും പിന്തുണ ഉറപ്പിച്ച് അൽ എനിസി പറഞ്ഞു.
മനുഷ്യത്വരഹിതമായ ആചാരങ്ങൾക്ക് ഇരയായ ഫലസ്തീൻ ജനതയോടുള്ള ഇരട്ടത്താപ്പ് നയങ്ങളിലേക്ക് വെളിച്ചംവീശാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. സിവിലിയന്മാർക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ അന്താരാഷ്ട്ര നടപടി വർധിപ്പിക്കണം. അന്താരാഷ്ട്ര കൺവെൻഷനുകൾ, നിയമങ്ങൾ, മാനുഷിക നിയമങ്ങൾ എന്നിവയും മനുഷ്യാവകാശങ്ങളും അന്തസ്സുള്ള ഉപജീവനത്തിനുള്ള അവകാശവും വൈവിധ്യമാർന്ന മതങ്ങളിലും ദേശീയതകളിലുമുള്ള എല്ലാ ജനങ്ങൾക്കും ഉറപ്പുനൽകുന്നതായും കുവൈത്ത് നയതന്ത്രജ്ഞൻ ചൂണ്ടിക്കാട്ടി.
ദേശീയ നിയമനിർമാണങ്ങൾ, അന്താരാഷ്ട്ര മാനുഷിക നിയമവുമായി ബന്ധപ്പെട്ട ജുഡീഷ്യൽ വിധികൾ, മാനുഷികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉയർത്തുന്നതിനും മനുഷ്യനെ സംരക്ഷിക്കുന്നതിനുമായി വിദ്യാഭ്യാസ കോഴ്സുകൾ സംഘടിപ്പിക്കുന്നതിനുള്ള ചുമതലയുള്ള ‘അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ദേശീയ സ്ഥിരം സമിതി’ എന്നിവ കുവൈത്ത് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.