കുവൈത്ത് സിറ്റി: രാജ്യത്ത് നിർത്തിവെച്ച എല്ലാതരം വിസകളും വൈകാതെ പുനരാരംഭിക്കും. പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസ നിയമത്തിന് സർക്കാർ അന്തിമ രൂപം നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ചേരുന്ന ദേശീയ അസംബ്ലിയിൽ താമസ നിയമത്തിന്റെ കരട് അവതരിപ്പിക്കും. 19, 20 തീയതികളിലാണ് അസംബ്ലി സമ്മേളനം. അസംബ്ലി അംഗീകാരത്തോടെ നിയമം പ്രാബല്യത്തിൽ വന്നാൽ വിസ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കും. ഇതോടെ നിർത്തിവെച്ച കുടുംബവിസ, സന്ദർശന വിസ എന്നിവ പുനരാരംഭിക്കും.
വിസ പുനരാരംഭിക്കുന്നതു സംബന്ധിച്ച് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ഉറപ്പുനൽകിയതായി എം.പി അബ്ദുൽവഹാബ് അൽ എസ്സ വ്യക്തമാക്കി. വിസകൾ ദീർഘനാളായി അനുവദിക്കാതിരുന്നതിനാൽ പ്രവാസികളും പ്രാദേശിക ബിസിനസുകളും നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ചുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് മന്ത്രിയുടെ ഉറപ്പെന്ന് രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താൻ ചുമതലപ്പെടുത്തിയ നിയമസഭാ സമിതിയുടെ തലവൻ കൂടിയായ എം.പി അബ്ദുൽ വഹാബ് അൽ എസ്സ പറഞ്ഞു. വിദേശികൾക്ക് ആശ്രിത വിസ നിർത്തലാക്കിയതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സ്വകാര്യ മേഖലയിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ആശ്രിത വിസകളും മറ്റു വിസകളും മരവിപ്പിക്കുന്നത് സ്വകാര്യ മേഖലയിലും ചെറുകിട ബിസിനസുകളിലും വിപണിയിലും ഉണ്ടാക്കുന്ന ആഘാതം പഠിക്കാൻ ദേശീയ അസംബ്ലിയോട് അനുമതി ചോദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശ്രിത വിസ മരവിപ്പിച്ചതിന്റെ ഫലമായി ഉയർന്ന യോഗ്യതയും വൈദഗ്ധ്യവുമുള്ള ആളുകൾ രാജ്യം വിട്ടുപോയതിനാൽ കുവൈത്ത് അവിവാഹിതരായ പ്രവാസികളുടെ ഇടമായി മാറി. വിദഗ്ധരായ പ്രവാസികൾ മറ്റു രാജ്യങ്ങളിൽ ജോലി ലഭിക്കുമ്പോൾ ഉടൻ കുവൈത്ത് വിടുന്നു. കുടുംബത്തോടെയല്ലാതെ ഇവിടെ താമസിക്കാൻ ഒരു പ്രവാസിയും തയാറല്ല. വിസകൾ നിർത്തലാക്കുന്നത് തൊഴിലാളി ക്ഷാമത്തിന് കാരണമായി. ഇത് മനുഷ്യശേഷിയുടെ ചെലവ് വർധിക്കുന്നതിലേക്ക് നയിക്കുകയും നിർമാണച്ചെലവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്തുവെന്ന് എസ്സ പറഞ്ഞു. ഇക്കാര്യങ്ങൾ ആഭ്യന്തരമന്ത്രിയെ അറിയിച്ചതായും വ്യക്തമാക്കി.
2022 ജൂണിലാണ് കുവൈത്ത് കുടുംബവിസ അനുവദിക്കുന്നത് പൂർണമായും നിര്‍ത്തിവെച്ചത്. വൈകാതെ സന്ദർശന വിസയും നിർത്തിവെച്ചു. കമേഴ്സ്യൽ സന്ദർശന വിസ മാത്രമാണ് നിലവിൽ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.