കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭ (യു.എൻ) അംഗത്വത്തിന്റെ 60ാം വാർഷികത്തിൽ കുവൈത്ത്. സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനും ലോകമെമ്പാടുമുള്ള വികസനവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തീവ്രശ്രമങ്ങൾക്കിടയിലാണ് 111ാം അംഗമായി കുവൈത്ത് യു.എന്നിൽ എത്തിയത്. 1963 മേയ് 14 നാണ് കുവൈത്ത് യു.എന്നിൽ ചേർന്നത്.
തുടർന്ന് ആഗോള നീതിയെയും രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും സ്വയം നിർണയത്തെ പിന്തുണക്കുന്നതിലൂടെയും കുവൈത്ത് യു.എൻ അംഗങ്ങൾക്കിടയിൽ കഴിവും കാര്യക്ഷമതയും തെളിയിച്ചു. പ്രധാനമായും ഫലസ്തീൻ വിഷയം സ്ഥിരമായി ഐക്യരാഷ്ട്രസഭയിൽ ഉയർത്തിക്കൊണ്ടുവന്നു. മാനുഷിക പ്രശ്നങ്ങൾ, യു.എൻ സുരക്ഷ കൗൺസിൽ വികസനം, പ്രതിരോധ നയതന്ത്രത്തിന്റെ പ്രോത്സാഹനം, മധ്യസ്ഥത, സംഘർഷങ്ങൾ തടയൽ എന്നിവ ഉൾപ്പെടെയുള്ള അറബ് ഇസ്ലാമിക പ്രശ്നങ്ങളെ കുവൈത്ത് പ്രതിരോധിച്ചു. ഔദ്യോഗിക ഏജൻസികളിലൂടെയും ചാരിറ്റികളിലൂടെയും അന്താരാഷ്ട്ര മാനുഷിക പ്രവർത്തനങ്ങളിൽ കുവൈത്ത് പ്രധാന പങ്കുവഹിച്ചു. കുവൈത്തിന്റെ മഹത്തായ മാനുഷിക സംരംഭങ്ങൾ ഗൾഫ് രാജ്യത്തിന് ആഗോള മാനുഷിക കേന്ദ്രമെന്ന പദവി നൽകാനും ഇടയാക്കി.
അടിയന്തര മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും വാഗ്ദാനം ചെയ്യുന്ന യു.എൻ ശ്രമങ്ങളുടെ ഉറച്ച പിന്തുണക്കാരനായി കുവൈത്ത് തുടരുമെന്ന് 60ാം വാർഷികത്തിൽ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി. യു.എൻ അംഗത്വം കുവൈത്ത് നയതന്ത്ര ചരിത്രത്തിലെ സുപ്രധാന ഘട്ടമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ താരിഖ് അൽ ബന്നായി പറഞ്ഞു. പതിറ്റാണ്ടുകളായി വ്യത്യസ്ത മേഖലകളിൽ, പ്രത്യേകിച്ച് മാനുഷിക, സമാധാനം, സുരക്ഷ, സാമ്പത്തിക, വികസന മേഖലകളിൽ ഇരുപക്ഷവും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാഖി അധിനിവേശത്തിൽ നിന്ന് കുവൈത്തിനെ മോചിപ്പിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ പങ്ക് അദ്ദേഹം അടിവരയിട്ടു. സംഘർഷങ്ങളും പ്രകൃതി ദുരന്തങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസം ലഘൂകരിക്കുന്നതിനുള്ള പ്രാദേശികവും അന്തർദേശീയവുമായ മാനുഷിക പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിൽ യു.എന്നുമായുള്ള കുവൈത്തിന്റെ ശക്തമായ പങ്കാളിത്തവും താരിഖ് അൽ ബന്നായി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.