കുവൈത്ത് സിറ്റി: ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച് സൗദി അറേബ്യയിൽനിന്ന് കുവൈത്ത് തീർഥാടകർ നാട്ടിൽ മടങ്ങിയെത്തിത്തുടങ്ങി. തീർഥാടകരുമായുള്ള ആദ്യ വിമാനം ശനിയാഴ്ച രാവിലെ 9.35ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 330 തീർഥാടകരുമായി സൗദി എയർവേസ് വിമാനമാണ് ആദ്യം എത്തിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) ഓപറേഷൻസ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി പറഞ്ഞു.
മടങ്ങുന്ന കുവൈത്ത് തീർഥാടകർക്കായി 25 വിമാനങ്ങൾ ശനിയാഴ്ച ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 15 വിമാനങ്ങൾ ഞായറാഴ്ചയും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. മടങ്ങുന്ന തീർഥാടകർക്ക് നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് ഡി.ജി.സി.എ സംയോജിത പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 8000 തീർഥാടകർക്കാണ് കുവൈത്തിൽനിന്ന് ഹജ്ജ് അനുമതി ഉണ്ടായിരുന്നത്. പിന്നീട് 1000 കൂടി ചേർക്കുകയുണ്ടായി.
ഹജ്ജിന്റെ കുറ്റമറ്റതും വിജയകരവുമായ സംഘാടനത്തിൽ സൗദി സൽമാൻ രാജാവിനെയും ഭരണനേതൃത്വത്തെയും കുവൈത്ത് കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ സൽമാൻ രാജാവിന് അഭിനന്ദന സന്ദേശം അയക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.