കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾക്ക് വാഹനം രണ്ടുമാസത്തേക്ക് പിൻവലിക്കുമെന്ന തീരുമാനം ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചു. വൻ പ്രതിഷേധം ഉയർന്നതിനാലാണ് തീരുമാനം നടപ്പാക്കി പിറ്റേന്ന് തന്നെ മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ഗതാഗത വകുപ്പ് വാഹന ഉടമകൾക്ക് തന്നെ തിരിച്ചെത്തിച്ചു.
28 ഗതാഗത നിയമലംഘനങ്ങളെ വാഹനം കണ്ടുകെട്ടുന്ന വകുപ്പിലുൾപ്പെടുത്തിയാണ് നേരത്തേ ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ് വന്നത്. ഇതോടെ, മിക്ക ഗതാഗത നിയമലംഘനങ്ങളും വാഹനം കണ്ടുകെട്ടുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിലായി.ഇത് നടപ്പാക്കിത്തുടങ്ങിയ ബുധനാഴ്ച 489 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. അഹ്മദി (48), കാപിറ്റൽ (65), ഹവല്ലി (80), ഫർവാനിയ (15), ജഹ്റ (46), മുബാറക് അൽ കബീർ (40) എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിൽനിന്ന് വാഹനം കസ്റ്റഡിയിലെടുത്തത്.
ഹൈവേയിൽനിന്ന് 142 വാഹനങ്ങളും പിടിച്ചെടുത്തു. എട്ടു വാഹനങ്ങൾ പിടികൂടിയത് പ്രത്യേക പൊലീസ് പട്രോൾ ടീമാണ്. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, അനധികൃത പാർക്കിങ് എന്നീ കുറ്റങ്ങൾക്കാണ് കൂടുതൽ വാഹനങ്ങളും കസ്റ്റഡിയിലെടുത്തത്. പിടികൂടിയതിൽ വലിയൊരു വിഭാഗം സ്വദേശികളുടെ കാറുകളാണ്. ഇത് വൻ പ്രതിഷേധത്തിന് വഴിവെച്ചു. തുടർന്ന് കസ്റ്റഡിയിലെടുക്കൽ നിയമം മരവിപ്പിച്ച് മന്ത്രാലത്തിെൻറ പുതിയ ഉത്തരവ് ഇറങ്ങുകയായിരുന്നു.
സീറ്റ് ബെൽറ്റ് ഇല്ലാതിരിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ കൈയിലെടുത്തുള്ള ഉപയോഗം, നമ്പർ പ്ലേറ്റില്ലാതെയും അനധികൃത നമ്പർ പ്ലേറ്റ് വെച്ചും വാഹനമോടിക്കൽ, നമ്പർ പ്ലേറ്റ് സസ്പെൻഡ് ചെയ്ത ശേഷം വാഹനം റോഡിലിറക്കൽ, ഇൻഷുറൻസ് കാലാവധി കഴിയൽ, ലൈസൻസില്ലാതെയും സസ്പെൻഡ് ചെയ്യപ്പെട്ട ലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കൽ, അലക്ഷ്യമായും അപകടകരമായും വാഹനമോടിക്കൽ, ബ്രേക്കില്ലാത്തതും ബ്രേക്കിന് അപാകതയുള്ളതുമായ വാഹനം, അനുമതിയില്ലാതെ റോഡിൽ അഭ്യാസ പ്രകടനം നടത്തലും അനുമതിയിൽ പറയുന്ന വ്യവസ്ഥ ലംഘിക്കലും, ഡ്രൈവർ മോശം പ്രവൃത്തിയിലേർപ്പെടൽ, ബോധപൂർവം ഗതാഗതം തടസ്സപ്പെടുത്തൽ, അനുവദിച്ചതിലും 30 കിലോമീറ്റർ അധികം വേഗത, റെഡ് സിഗ്നൽ ലംഘിക്കൽ, മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിക്കൽ, അനധികൃത പാർക്കിങ്, നടവഴിയിലെ പാർക്കിങ്, ഗതാഗതം തടസ്സപ്പെടുത്തും വിധം റോഡരികിലെ പാർക്കിങ്, തെറ്റായ ദിശയിൽ വാഹനമോടിക്കൽ, അമിത അളവിൽ പുക, വിലക്കുള്ള സമയത്ത് വാഹനം നിരത്തിലിറക്കൽ, ഒാവർലോഡ്, കുവൈത്തിെൻറ പതാകയും ഉന്നത നേതൃത്വത്തിെൻറ പടവും ഒഴികെ വാഹനത്തിൽ അനധികൃതമായി ലോഗോയും പതാകയും സ്റ്റിക്കറുകളും പതിക്കൽ, നിയമവിരുദ്ധമായ ഗ്ലാസ്, ഡ്രൈവിങ് അനുമതിയില്ലാതിരിക്കൽ, അംഗപരിമിതർക്ക് മാറ്റിവെച്ച സ്ഥലത്ത് പാർക്കിങ്, വാഹനനിർമാതാക്കളുടെ മാനദണ്ഡങ്ങൾക്ക് എതിരായി ടയറുകൾക്ക് രൂപമാറ്റം വരുത്തൽ, മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ട്രക്കുകൾ നിരത്തിലിറക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് വാഹനം കസ്റ്റഡിയിലെടുക്കുന്ന വകുപ്പിലുൾപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.