കുവൈത്ത് സിറ്റി: സൗദി-ഇറാൻ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഒമാൻ, ഇറാഖ് ഭരണ നേതൃത്വത്തിന് കുവൈത്തിന്റെ പ്രശംസ.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ഇറാഖ് പ്രസിഡന്റ് അബ്ദുലത്തീഫ് റാഷിദ് എന്നിവർക്ക് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ ആശംസ സന്ദേശം അയച്ചു.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിൽ ഇരു രാജ്യങ്ങളും ഫലപ്രദ സംഭാവനയാണ് നൽകിയതെന്ന് സന്ദേശത്തിൽ ചൂണ്ടികാട്ടി.
ഇരു രാഷ്ട്ര മേധാവികൾക്കും നിത്യമായ ആരോഗ്യവും അവരുടെ രാജ്യങ്ങൾക്കും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും അമീർ ആശംസിച്ചു.
നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനും അംബാസഡർമാരെ കൈമാറുന്നതിനുമുള്ള സൗദി-ഇറാൻ കരാറിനെ കുവൈത്ത് കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. ക്രിയാത്മക കരാറിലെത്താനും ഉഭയകക്ഷി ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനും മുൻകൈയെടുത്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെയും കുവൈത്ത് അഭിനന്ദിച്ചു. ചർച്ചക്കു മുൻകൈയെടുത്ത ചൈന, ഒമാൻ, ഇറാഖ് ശ്രമങ്ങളെയും അഭിനന്ദിച്ചു.
മേഖലയിലെ സുരക്ഷയുടെയും സ്ഥിരതയുടെയും തൂണുകൾ ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങൾക്കുമിടയിൽ വിശ്വാസം കെട്ടിപ്പടുക്കുന്നതിനും നയതന്ത്ര ബന്ധം പുനരാരംഭിക്കൽ സഹായിക്കുമെന്നും കുവൈത്ത് വ്യക്തമാക്കി. കരാറിന് കുവൈത്തിന്റെ പൂർണ പിന്തുണയും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.