കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് കുവൈത്ത് റിലീഫ് സൊസൈറ്റി മാംസം വിതരണം ചെയ്തു. വഫ, റഹ്മ എന്നീ ചാരിറ്റികളുടെ ഏകോപനത്തോടെയാണ് സൊസൈറ്റി മാംസം വിതരണം ചെയ്തതെന്ന് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒമർ അൽ തുവൈനി പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരും, ദരിദ്രരും കുടിയിറക്കപ്പെട്ടവരുമായ കുടുംബങ്ങൾക്കാണ് മാംസം എത്തിച്ചത്.
10,000 മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് മാംസം ദാനം ചെയ്തതായി വഫ ഡയറക്ടർ ജനറൽ മുഹൈസൻ അൽ അതാവ്നെ പറഞ്ഞു. ഇസ്രായേൽ ആക്രമണം ആരംഭിച്ചത് മുതൽ കുവൈത്ത് ഗസ്സയിലേക്ക് സഹായം അയക്കുന്നയതായും പരിക്കേറ്റവരെ ചികിത്സിക്കാൻ മെഡിക്കൽ ടീമുകളെ അയച്ചതായും ‘റഹ്മ’ പ്രവർത്തകൻ മുഹമ്മദ് ഖദ്ദൂസ് പറഞ്ഞു.
കുവൈത്ത് ഔഖാഫ് ജനറൽ സെക്രട്ടേറിയറ്റിന്റെ പിന്തുണയോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ.
ഗസ്സയിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യ സഹായം എത്തുന്നുണ്ടെങ്കിലും ഇതിൽ ഭൂരിഭാഗവും ധാന്യങ്ങളായിരുന്നു. ഇതിനാലാണ് വഫ,റഹ്മ ചാരിറ്റികളുടെ ഏകോപനത്തോടെ മാംസം വിതരണം ചെയ്തത്.
അതേസമയം, ഗസ്സയുടെ ചില ഭാഗങ്ങളിൽ കൊടുംപട്ടിണി പിടിമുറുക്കിയതായി അമേരിക്കൻ സന്നദ്ധ സംഘടന യു.എസ് എയ്ഡ് മേധാവി സാമന്ത പവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇസ്രായേൽ അതിർത്തികൾ അടച്ചതും, അകത്തു പ്രവേശിക്കുന്നവക്കു നേരെ ആക്രമണവും നടത്തുന്നതും സന്നദ്ധ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നു. പുറത്തുനിന്നും ഭക്ഷണവും അടിയന്തിര വസ്തുക്കളും എത്തിക്കുന്ന ചുരുക്കം ട്രക്കുകളെ മാത്രമാണ് ഇസ്രായേൽ ഗസ്സയിലേക്കു കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.