കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആദ്യ ഉപഗ്രഹം കുവൈത്ത് സാറ്റ് -1 ദൗത്യം വിജയകരമായി തുടരുന്നു. ജനുവരി മൂന്നിന് വിക്ഷേപിച്ച ഉപഗ്രഹം ഇതിനകം ബഹിരാകാശത്ത് ഒരു മാസം പിന്നിട്ടു. ആദ്യകാല ഭ്രമണപഥ ഘട്ടത്തിന്റെ അവസാനത്തിലാണ് ഇപ്പോൾ. വൈകാതെ കാമറ പ്രവർത്തിപ്പിച്ച് ചിത്രങ്ങൾ എടുക്കാൻ തുടങ്ങും.
ഉപഗ്രഹം വിക്ഷേപണത്തിന് ശേഷമുള്ള പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് നാഷനൽ പ്രോജക്ട് (കുവൈത്ത്സാറ്റ് 1) ഡയറക്ടറും കുവൈത്ത് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് സയൻസ് ഫിസിക്സ് ഡിപ്പാർട്മെന്റ് ആക്ടിങ് ഹെഡുമായ ഡോ. ഹാല അൽ ജസ്സാർ പറഞ്ഞു. ഇത് സാധാരണയായി വിക്ഷേപിച്ച തീയതി മുതൽ രണ്ടോ മൂന്നോ മാസം നീണ്ടുനിൽക്കും. ഉപഗ്രഹവുമായുള്ള സാങ്കേതിക സംഘത്തിന്റെ ആശയവിനിമയം മികച്ചതാണ്. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് സയൻസിലെ ഗ്രൗണ്ട് സ്റ്റേഷനിൽ നിന്ന് അയക്കുന്ന സിഗ്നൽ സ്വീകരിക്കുന്നതായും അവർ പറഞ്ഞു. സോളാർ ഊർജം ഉൽപാദിപ്പിച്ച് അത് ബാറ്ററിയിൽ സൂക്ഷിക്കുന്നതടക്കമുള്ള ഇലക്ട്രോണിക് എനർജി സിസ്റ്റം അടക്കം എല്ലാ സംവിധാനങ്ങളും പ്രവർത്തനക്ഷമമാണ്. ഇവയുടെ സുരക്ഷ പരിശോധിക്കാൻ സാങ്കേതിക സംഘം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ഡോ. ഹാല അൽ ജസ്സാർ അറിയിച്ചു.
താമസിയാതെ, ഉപഗ്രഹത്തിലെ കാമറ പ്രവർത്തിപ്പിക്കും. സർവകലാശാലയിലെ കോളജ് ഓഫ് സയൻസിലെ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് പാരിസ്ഥിതിക ആവശ്യങ്ങൾക്കും മറ്റും ഇവ ഉപയോഗിക്കും. ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്ക് ഇത് ഗുണം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
ജനുവരി മൂന്നിനാണ് ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 വിക്ഷേപിച്ചത്. യു.എസിലെ ഫ്ലോറിഡയിലെ കേപ് കനാവറൽ എയർഫോഴ്സ് ബേസിൽ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ പര്യവേക്ഷണ ടെക്നോളജീസ് കോർപറേഷന്റെ (സ്പേസ് എക്സ്) ഫാൽക്കൺ- 9 റോക്കറ്റാണ് ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. പൂര്‍ണമായും കുവൈത്തില്‍ നിര്‍മിച്ച ആദ്യത്തെ ഉപഗ്രഹമാണ് കുവൈത്ത് സാറ്റ്-1. കുവൈത്ത് യൂനിവേഴ്സിറ്റിയുടെ (കെ.യു) കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് സയൻസിലെ വിദ്യാർഥികൾ, കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (കെ.എഫ്.എ.എസ്), കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് (കെ.ഐ.എസ്.ആർ) എന്നിവിടങ്ങളിലെ ശാസ്ത്ര പ്രതിഭകളാണ് പദ്ധതിക്കു പിന്നിൽ. 3,16,000 ദിനാർ (1.032 ദശലക്ഷം യു.എസ് ഡോളർ) ആണ് ചെലവ്. നാലു വർഷത്തോളം ഗവേഷണവും പഠനവും നടത്തിയാണ് പദ്ധതി പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.