കുവൈത്ത് സിറ്റി: കുവൈത്തിനും സൗദി അറേബ്യക്കും ഇടയിൽ റെയിൽവേ പദ്ധതിക്ക് പച്ചക്കൊടി. കുവൈത്തിന്റെ 565 കിലോമീറ്റർ റെയിൽവേ പദ്ധതിയുടെ ഭാഗമാകാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തത്. ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് ഈ പദ്ധതി. അതിൽ ഇരുരാജ്യങ്ങൾക്കും ഇടയിൽ നിർമിക്കുന്ന റെയിൽവേയുമായി ബന്ധപ്പെട്ട കരാറിനാണ് നിയോമിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമ്മേളനം അംഗീകാരം നൽകിയത്.
ഈ റെയിൽവേ ലിങ്ക് പ്രോജക്ടിന്റെ കരട് കരാറുമായി ബന്ധപ്പെട്ട് കുവൈത്ത് ഗതാഗത മന്ത്രിയുമായി ചർച്ച നടത്താൻ സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയെ സൗദി മന്ത്രിസഭ മുമ്പ് ചുമതലപ്പെടുത്തിയിരുന്നു. അതനുസരിച്ച് തയാറാക്കിയ ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന റെയിൽവേ പദ്ധതിയുടെ അന്തിമ കരാർ മന്ത്രി സാലെഹ് അൽജാസർ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുകയും അംഗീകാരം നേടിയെടുക്കുകയും ചെയ്യുകയായിരുന്നു.
വൈകാതെ റെയിൽവേ നിർമാണം ആരംഭിക്കും. ഇതടക്കം നിരവധി സുപ്രധാന തീരുമാനങ്ങൾക്ക് ചൊവ്വാഴ്ച രാത്രിയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ജിദ്ദ ഗവർണറേറ്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ സംഘടനാ സംവിധാനങ്ങൾക്ക് നൽകിയ അംഗീകാരമാണ് മറ്റൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.