കുവൈത്ത് സിറ്റി: സംയുക്ത അറബ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ദൃഢനിശ്ചയം ആവശ്യമാണെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ്. ആഗോള സാമ്പത്തിക, സാമൂഹിക വെല്ലുവിളികൾ നേരിടുന്നതിനും അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും ഇത് അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അറബ് പ്ലാനിങ് ഇൻസ്റ്റിറ്റ്യൂട്ട് സമ്മേളനത്തിൽ അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം മേഖലയിലെ രാജ്യങ്ങളിലെ വികസന മാറ്റങ്ങൾക്കും വെല്ലുവിളികൾക്കും അനുസൃതമായി പ്രവർത്തിക്കാൻ അറബ് പ്ലാനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞെന്ന് അദ്ദേഹം വിശദീകരിച്ചു. സംയുക്ത അറബ് പ്രവർത്തനത്തിനും ഇൻസ്റ്റിറ്റ്യൂട്ടിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കുവൈത്തിന്റെ പിന്തുണ ശൈഖ് അഹ്മദ് അൽ ഫഹദ് അറിയിച്ചു.
ഫലസ്തീനിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ പ്രാർഥിച്ച് ഗസ്സയിലെ സയണിസ്റ്റ് ആക്രമണത്തെ അദ്ദേഹം അനുസ്മരിച്ചു. ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ പൂർണമായ അവകാശങ്ങൾക്കും സമാധാന ശ്രമങ്ങൾക്കുമുള്ള എല്ലാ നീക്കത്തെയും കുവൈത്ത് പിന്തുണക്കുന്നതായും ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.