കുവൈത്ത് സിറ്റി: പല രാജ്യങ്ങളിലായി കഴിയുന്ന അഭയാർഥികളെ സ്വന്തം നാട്ടിലേക്കും വീടുകളിലേക്കും തിരികെ കൊണ്ടുവരുന്നതിന് യു.എൻ അഭയാർഥി ഏജൻസിക്ക് (യു.എൻ.എച്ച്.സി.ആർ) രാജ്യത്തിന്റെ പിന്തുണ. അഭയാർഥികളെക്കുറിച്ചുള്ള യു.എൻ.എച്ച്.സി.ആർ റിപ്പോർട്ട് ചർച്ചയിൽ യു.എൻ ജനറൽ അസംബ്ലിയുടെ മൂന്നാംകമ്മിറ്റിയിൽ സംസാരിച്ച കുവൈത്ത് അറ്റാഷെ റാഷിദ് അൽ അബൗൽ ആണ് പിന്തുണ അറിയിച്ചത്. യു.എൻ.എച്ച്.സി.ആർ ജീവനക്കാരിൽ 25 ശതമാനവും അപകടകരമായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരാണ്. അഭയാർഥികളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ഉറപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഓഫിസ് സ്ഥാപിച്ചതിന്റെ 31ാം വാർഷികം ആഘോഷിച്ചു. സായുധ സംഘട്ടനങ്ങളിലോ പ്രകൃതിദുരന്തങ്ങളിലോ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നത് മെച്ചപ്പെടുത്താൻ തീരുമാനിച്ചു. സംഘർഷം, അക്രമം, പ്രകൃതിദുരന്തങ്ങൾ, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം പത്തു കോടി ആളുകൾ സുരക്ഷിത താവളങ്ങളിലേക്ക് പലായനം ചെയ്തതായി അൽ അബൗൽ ചൂണ്ടിക്കാട്ടി. അരക്കോടിയിലധികം ഫലസ്തീൻ അഭയാർഥികൾക്ക് ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും നൽകിയതിന് യു.എൻ.ആർ.ഡബ്ല്യു.എയെ അദ്ദേഹം അഭിനന്ദിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ സുരക്ഷ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ ഫലസ്തീൻ മണ്ണ് കവർന്നെടുത്ത് വീടുകൾ നശിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനെ അപലപിച്ചു. ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ആക്രമണങ്ങളും അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഉണർന്നുപ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.