കുവൈത്ത് സിറ്റി: പ്രകൃതിദുരന്തങ്ങൾ മൂലം പ്രയാസം അനുഭവിക്കുന്ന സോമാലിയ, സുഡാൻ, പാകിസ്താൻ എന്നിവക്ക് കൂടുതൽ സഹായമെത്തിക്കുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സംഭാവന കാമ്പയിൻ ആരംഭിച്ചു.
സുഡാൻ, പാകിസ്താൻ രാജ്യങ്ങൾ വെള്ളപ്പൊക്കത്തിന്റെ കെടുതിയിലാണ്.
സുഡാന് അടിയന്തര സഹായമായി ഭക്ഷ്യവസ്തുക്കളും മെഡിക്കൽ സഹായവും ഉൾക്കൊള്ളുന്ന 40 ടൺ വസ്തുക്കളുമായി കുവൈത്തിന്റെ പ്രത്യേക വിമാനം പുറപ്പെട്ടിരുന്നു.
സുഡാനിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെ സഹായ വസ്തുക്കൾ വിതരണം ചെയ്തു. ഇതിനുപുറമെയാണ് പുതിയ കാമ്പയിൻ.
വെള്ളപ്പൊക്കം സുഡാനിൽ വലിയ നാശനഷ്ടം വരുത്തുകയും നിരവധി വീടുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താന് സഹായമെത്തിക്കാൻ നേരത്തെ തുടക്കമിട്ട പ്രത്യേക കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കുവൈത്തിലെ വിവിധ ചാരിറ്റി സംഘടനകളുടെ സഹായവും ഉണ്ട്.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം, സാമൂഹികകാര്യ, കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയം എന്നിവയുടെ യോജിച്ച ശ്രമങ്ങളും 27 കുവൈത്തി ചാരിറ്റബിൾ സൊസൈറ്റികളുടെ സഹകരണവും പദ്ധതിക്കുണ്ട്.
പാകിസ്താനിൽ വെള്ളപ്പൊക്കം മൂലം ആയിരക്കണക്കിന് ആളുകൾ രോഗബാധിതരും നിരവധിപേർക്ക് വീടും സ്വത്തും നഷ്ടപ്പെട്ടിട്ടുമുണ്ട്.
ഇവർക്ക് മരുന്നും ഭക്ഷണവും പാർപ്പിടവും നൽകാനും, മെഡിക്കൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, ടെന്റുകൾ മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയിൽ അടിയന്തര സഹായം നൽകാനും കാമ്പയിൻ ലക്ഷ്യമിടുന്നു.
ദുരിതം പേറുന്ന രാജ്യങ്ങൾക്ക് അനിവാര്യമായ മരുന്ന്, പാർപ്പിടം, കുടിവെള്ളം എന്നിവയുടെ ആവശ്യകതയാണ് കാമ്പയിൻ ആരംഭിക്കാൻ കാരണമെന്ന് കെ.ആർ.സി.എസ് ജനറൽ സെക്രട്ടറി മഹാ അൽ ബർജാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.