കുവൈത്ത് സിറ്റി: കുവൈത്തിലെ യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. വിവിധ യൂനിവേഴ്സിറ്റി കോളജുകളിൽ നിന്നുള്ള 40,000ത്തിലധികം വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റിവ് ബോഡി, കുവൈത്തി വിദ്യാർഥികളുടെ നാഷനൽ യൂനിയൻ കോൺഫറൻസ് എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കും.
കോളജുകളിൽ വിതരണംചെയ്ത 22 ഇലക്ടറൽ കമ്മിറ്റികളിൽ നാല് വിദ്യാർഥി വിഭാഗങ്ങളാണ് (കോയലീഷൻ ലിസ്റ്റ്, ഇസ്ലാമിക് യൂനിയൻ ഇൻഡിപെൻഡന്റ് ലിസ്റ്റ്, ഡെമോക്രാറ്റിക് സെന്റർ ലിസ്റ്റ്, ഇസ്ലാമിക് ലിസ്റ്റ്) മത്സരിക്കുന്നത്.
യൂനിവേഴ്സിറ്റിയുടെ അൽശദ്ദാദിയ, കൈഫാൻ, ഷുവൈഖ്, ജബ്രിയ കാമ്പസുകളിൽ ഞായറാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. വ്യക്തമായ കാരണങ്ങൾ പറയാതെ കഴിഞ്ഞവർഷത്തെ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നശേഷമാണ് ഡെമോക്രാറ്റിക് സെന്റർ വിഭാഗം വീണ്ടും മത്സരത്തിലേക്ക് മടങ്ങിയെത്തുന്നത്.
‘ഞങ്ങളെക്കുറിച്ച് ചോദിക്കുന്ന നിങ്ങൾ’ എന്ന മുദ്രാവാക്യമാണ് അവർ ഉയർത്തുന്നത്. മത്സരത്തിൽനിന്ന് വിട്ടുനിന്നതിനുശേഷം അവരുടെ മടങ്ങിവരവിനെക്കുറിച്ചുള്ള സന്ദേശമായി ഇത് കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ കോയലീഷൻ ലിസ്റ്റും ഇസ്ലാമിക് യൂനിയനും 9,547 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
തൊട്ടടുത്ത എതിരാളിയായ ഇസ്ലാമിക് യൂനിയൻ ഇൻഡിപെൻഡന്റ് ലിസ്റ്റിന് ലഭിച്ചത് 3,687 വോട്ടുകൾ മാത്രം. 5,860 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ഇസ്ലാമിക് ലിസ്റ്റിന് 347 വോട്ടുകൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.