കുവൈത്ത് സിറ്റി: മഴയിൽ മണ്ണൊലിച്ച് കുഴിബോംബുകൾ പൊങ്ങിവരാൻ സാധ്യതയുണ്ടെന്നും അപരിചിത വസ്തുക്കളിൽ സ്പർശിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി. സംശയമുളവാക്കുന്ന അപരിചിത വസ്തുക്കൾ ശ്രദ്ധയിൽപെട്ടാൽ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 2018ലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം മരുഭൂമിയിൽനിന്ന് നിരവധി കുഴിബോംബുകൾ കണ്ടെത്തിയിരുന്നു. അധിനിവേശ കാലത്ത് ഇറാഖ് സൈന്യം പാകിയതാണെന്ന് കരുതുന്നവയാണിത്. വെള്ളം കുത്തിയൊലിച്ചപ്പോൾ മണ്ണൊലിച്ച് പുറത്തേക്ക് വന്നതായിരുന്നു ബോംബുകൾ.
അന്ന് വിവിധ സ്ഥലങ്ങളിൽ കുഴിബോംബ് കണ്ടെത്തിയവർ ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുകയും അധികൃതർ ഇവ നിർവീര്യമാക്കുകയുമായിരുന്നു. കഴിഞ്ഞദിവസം മഴയുണ്ടാകുകയും അടുത്ത ദിവസങ്ങളിൽ സാധ്യത പ്രവചിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അധികൃതർ ജാഗ്രത നിർദേശം നൽകിയത്. അധിനിവേശ കാലത്ത് ഇറാഖി പട്ടാളം രാജ്യവ്യാപകമായി കുഴിബോംബുകൾ പാകിയിരുന്നു. നേരത്തേ പല ഭാഗങ്ങളിൽനിന്നും ഇവ കണ്ടെടുത്തിരുന്നു. കുഴിബോംബ് പൊട്ടി മരുപ്രദേശങ്ങളിൽ ആട്ടിടയന്മാർ കൊല്ലപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.