കുവൈത്ത് സിറ്റി: രാജ്യത്ത് എത്തിക്കാൻ ശ്രമിച്ച ലഹരിവസ്തുവായ ക്യാപ്റ്റഗൺ ഗുളികയുടെ വൻ ശേഖരം പിടികൂടി. 2,50,000ത്തോളം ഗുളികകളാണ് ഡ്രഗ് കൺട്രോളിനായുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം പിടികൂടിയത്. വാഹനത്തിനുള്ളിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
സംശയം തോന്നിയ അധികൃതർ വാഹനം പരിശോധിച്ചപ്പോഴാണ് രഹസ്യ അറയും അതിൽ പാക്കറ്റുകളാക്കി തിരിച്ച നിലയിൽ ക്യാപ്റ്റഗൺ ഗുളികകളും കണ്ടെത്തിയത്. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
രാജ്യത്ത് ലഹരിവസ്തുക്കൾക്കെതിരായ കർശന പരിശോധനകൾ നടന്നുവരുകയാണ്. സുരക്ഷ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ ജാഗ്രത പാലിക്കുന്നുണ്ടെന്നും രാജ്യത്തെ യുവാക്കളെ ലക്ഷ്യമിടുന്ന മയക്കുമരുന്ന് ഇടപാടുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. ലഹരിമാഫിയക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിന്റെ നിർദേശമുണ്ട്.
സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ലഹരി ഇടപാടുകാരെ കുറിച്ച് വിവരം ലഭിച്ചാൽ എമർജൻസി ഫോണിലേക്കും (112) ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ (1884141) ഹോട്ട്ലൈനിലേക്കും അറിയിക്കാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.