കുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പുകളിൽ പ്രവാസി വോട്ടുറപ്പിക്കാൻ ഗൾഫ് നാടുകളിലേക്ക് നേതാക്കളെത്തുന്ന പതിവ് മുൻകാലങ്ങളിൽ പതിവായിരുന്നു. വോട്ട് മാത്രമല്ല, പിരിവുകൂടി ലക്ഷ്യമിട്ടായിരുന്നു ഇവരുടെ വിമാനയാത്ര. കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ഇത്തവണ ആഗ്രഹിച്ചാൽ പോലും ഒരു നേതാവിനും വോട്ടുചോദിക്കാനും പണപ്പിരിവിനും എത്താൻ കഴിയില്ല.
അതേസമയം, ഒാൺലൈൻ യോഗങ്ങൾ സജീവമാണ്. ജില്ലതലത്തിലും മണ്ഡലം തലത്തിലും കമ്മിറ്റികൾ രൂപവത്കരിച്ച് യോഗങ്ങളും ആസൂത്രണവും നടക്കുന്നു. സ്ഥാനാർഥികൾ മുതൽ മുതിർന്ന നേതാക്കൾ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ നടത്തുന്നുണ്ട്. മുന്നണികൾക്ക് അകത്തും പുറത്തുമുള്ള ചെറു കക്ഷികളും ആവേശത്തോടെതന്നെ പ്രവാസ ലോകത്തെ തെരഞ്ഞെടുപ്പ് ചൂടിലുണ്ട്.
ഗൾഫിലെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. മലയാളി ബിസിനസുകാർ ഉൾപ്പെടെ പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ ഇവിടെയെത്തിയാലും പ്രതീക്ഷിച്ച പിരിവ് ലഭിക്കണമെന്നില്ല. റിസ്കെടുത്ത് ഇവിടെ എത്തുന്നതിലും നല്ലത് ഫോണിലൂടെ സംസാരിച്ച് അക്കൗണ്ടിലേക്കെത്തുന്ന തുകകളാണെന്ന വീണ്ടുവിചാരവും നേതാക്കളുടെ യാത്ര മുടക്കി.
എന്നാൽ, രാഷ്ട്രീയ പാർട്ടികളുടെ പ്രവാസി സംഘടനകൾ കൺവെൻഷനുകൾ സജീവമായി നടത്തുന്നുണ്ട്. രാത്രിസമയത്താണ് ഓൺലൈൻ മീറ്റിങ്ങുകൾ നടത്തുന്നത്. സ്ഥാനാർഥികളും സംസ്ഥാന നേതാക്കളും യോഗങ്ങളിൽ എത്തുന്നുണ്ട്. ഗൾഫ് മാത്രമല്ല, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ളവരും യോഗങ്ങളിൽ പങ്കെടുക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.