കുവൈത്ത് സിറ്റി: കുവൈത്തിൽ 50 ഓൺലൈൻ മാധ്യമങ്ങളുടെ കൂടി ലൈസൻസ് റദ്ദാക്കി. കഴിഞ്ഞ മാസം 90 ഇലക്ട്രോണിക് മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും 73 സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങളുടെ നിയമ ലംഘനം നിരീക്ഷിക്കുന്ന സമിതിയുടെ ശിപാർശ അനുസരിച്ചാണ് നടപടി. ഓൺലൈൻ പോർട്ടലുകളും സാറ്റലൈറ്റ് ചാനലുകളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം സമിതി രൂപവത്കരിച്ചിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു.
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉടമകൾക്ക് 500 ദീനാർ മുതൽ 5000 ദീനാർ വരെ പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ലൈസൻസ് ഇഷ്യൂ ചെയ്ത് ആറുമാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ, ബുള്ളറ്റിനുകൾ, വാർത്ത പത്രങ്ങളുടെയും ചാനലുകളുടെയും വെബ്സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് മീഡിയ നിയമം പ്രാബല്യത്തിലാക്കിയതെന്നും ഇത് അനുസരിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.