കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ആറ് സിംഹങ്ങൾക്ക് ഒടുവിൽ ദക്ഷിണാഫ്രിക്കയിലെ വന്യജീവി സങ്കേതത്തിൽ പുതിയ വീട്. ‘കുവൈത്ത്- 6' എന്നറിയപ്പെടുന്ന സിംഹങ്ങൾ അനധികൃത വന്യജീവി വ്യാപാരത്തിന്റെ ഭാഗമായാണ് കുവൈത്തിൽ എത്തിയതെന്നാണ് സൂചന. മുഹീബ്, സഹം, ഷുജ, സെയ്ഫ് എന്നീ പേരുകളുള്ള ആൺ സിംഹങ്ങളും ധൂബിയ, അസീസ പേരുകളുള്ള രണ്ട് പെൺസിംഹങ്ങളുമാണ് അനധികൃത കച്ചവടത്തിന് ഇരയായത്.
കുവൈത്തിൽ നിന്ന് ഇവയെ കണ്ടെത്തുമ്പോൾ എല്ലാ സിംഹങ്ങൾക്കും രണ്ട് വയസ്സിൽ താഴെയായിരുന്നു പ്രായം. കുവൈത്ത് മൃഗശാലയിലെ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും സിംഹങ്ങളെ പരിചരിക്കുകയും ആവാസസ്ഥലം കണ്ടെത്തുന്നതു വരെ അവയെ പരിപാലിക്കുകയും ചെയ്തുവരുകയായിരുന്നു. ഇതിനിടെ മൃഗങ്ങളുടെ ക്രൂരതക്കും ചൂഷണത്തിനും എതിരെ പ്രചാരണം നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന അനിമൽ ഡിഫൻഡേഴ്സ് ഇന്റർനാഷനൽ (എ.ഡി.ഐ) വിഷയത്തിൽ ഇടപെട്ടു. ഇവർ ദക്ഷിണാഫ്രിക്കയിലെ 455 ഏക്കർ വന്യജീവി സങ്കേതത്തിൽ സിംഹങ്ങൾക്ക് പുതിയ ഇടം വാഗ്ദാനം ചെയ്തു.
വന്യജീവികളെയും വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് സൗജന്യമായി തിരികെ എത്തിക്കുന്ന സംഘടന കൂടിയാണ് എ.ഡി.ഐ. കുവൈത്തിലെ സിംഹങ്ങളെയും തിരികെ എത്തിക്കാൻ ഇവർ നടപടികൾ ആരംഭിച്ചു. സിംഹങ്ങളെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോകാൻ ഖത്തർ എയർവേസ് അവസരം ഒരുക്കി. വിമാനത്തിലേക്ക് സിംഹങ്ങളെ കയറ്റലും ഇറക്കലും അനുയോജ്യമായ കൂടുകൾ ഒരുക്കലും വെല്ലുവിളി ആയിരുന്നു. യാത്രക്കിടെ മൃഗങ്ങളുടെ സുരക്ഷയും പ്രധാനമായിരുന്നു. ഇതെല്ലാം തരണം ചെയ്ത് നീണ്ട 15 മണിക്കൂർ യാത്രക്ക് ശേഷം സിംഹങ്ങൾ ദക്ഷിണാഫ്രിക്കയിലെത്തി. സിംഹങ്ങളെ പ്രധാന ആവാസവ്യവസ്ഥയിലേക്ക് വിടുന്നതിനു മുമ്പ് ആദ്യത്തെ രണ്ടാഴ്ച ക്വാറന്റീനിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇവിടെ സിംഹങ്ങൾ സന്തോഷത്തോടെ കഴിയുന്നതായി എ.ഡി.ഐ പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സിംഹങ്ങളുടെ പരിചരണത്തിനായി സംഭാവന നൽകാനും ദത്തെടുക്കാനുള്ള ഓപ്ഷനും എ.ഡി.ഐ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.