കുവൈത്ത് സിറ്റി: ലോക്ഡൗൺ കാലത്ത് കുട്ടികൾ വിഡിയോ ഗെയിമുകൾക്ക് അടിമയായതായി റിപ്പോർട്ട്. കുവൈത്തിലെ മാനസികാരോഗ്യ വിദഗ്ധരിൽനിന്ന് വിവരം തേടി പ്രാദേശിക പത്രം തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഗെയിമുകൾക്ക് അടിമയായതുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കോവിഡ് കാലത്ത് മാനസികാരോഗ്യ വിദഗ്ധരുടെ അടുത്ത് എത്തിയത്. അവയിൽ അധികവും അക്രമവാസന വളർത്തുന്ന അപകടകരമായ ഗെയിമുകളായിരുന്നുവെന്ന് ഡോ. മുഹമ്മദ് അൽ റാസ എന്ന വിദഗ്ധൻ പറഞ്ഞു.
യുദ്ധംപോലെയുള്ള ഗെയിമുകൾക്കാണ് സ്വീകാര്യത കൂടുതൽ. കുട്ടികളുടെ യഥാർഥ ജീവിതത്തിലും ഇൗ അക്രമവാസന പ്രതിഫലിക്കുമെന്നും അതിനാൽ രക്ഷിതാക്കൾ വിഷയത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്രമവാസനയില്ലാത്ത ഗെയിമുകളും അമിതമായാൽ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് കുവൈത്ത് സർവകലാശാലയിലെ ഡോ. ഖാദർ ബൈറോൻ പറഞ്ഞു. ലോക്ഡൗൺ കാലത്ത് സ്കൂളുകൾ അവധിയായതിനാൽ ഒാൺലൈനായാണ് ക്ലാസുകൾ. കുട്ടികൾക്ക് മൊബൈൽ ഫോണും ടാബും ഉപയോഗിക്കാൻ ഇത് കൂടുതൽ അവസരം നൽകി. രക്ഷിതാക്കളുടെ ജാഗ്രത ഏറെ വേണ്ട സന്ദർഭത്തിലും ചില രക്ഷിതാക്കൾ അലംഭാവം കാണിച്ചതാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ദീർഘകാലം കുട്ടികൾക്ക് സ്കൂളിൽ പോകാനോ കൂട്ടുകാരുമായി ഒത്തുകൂടാനോ കഴിയാത്ത സാഹചര്യവും പുതിയതായിരുന്നു. അവരുടെ ഒറ്റപ്പെടലിൽ കൂട്ടിരിക്കാതെ മൊബൈൽ ഫോൺ ഗെയിമുകൾക്ക് വിട്ടുകൊടുത്ത രക്ഷിതാക്കളാണ് ഇപ്പോൾ ഖേദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.