കുവൈത്ത് സിറ്റി: നോമ്പുതുറ സമയത്ത് ആരും വിശന്നിരിക്കരുതെന്ന ദൗത്യത്തിൽ കൈകോർത്ത് ലുലു ഹൈപ്പർ മാർക്കറ്റും നമാ ചാരിറ്റിയും. ഇവയുടെ സംയുക്താഭിമുഖ്യത്തിൽ റമദാനിൽ കുവൈത്തിലെമ്പാടുമുള്ളവർക്ക് സൗജന്യ ഇഫ്താർ ഭക്ഷണ കിറ്റുകൾ വിതരണം 30 ദിനവും തുടരും.
റമദാനിൽ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ സംരംഭം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നമാ ചാരിറ്റിയുമായി സഹകരിച്ച് സൗജന്യ ഇഫ്താർ ഭക്ഷണ കിറ്റുകൾ നൽകുന്നതിൽ അഭിമാനമുണ്ടെന്നും ലുലു ഹൈപ്പർ മാർക്കറ്റ് വക്താവ് പറഞ്ഞു. കുടുംബങ്ങൾക്ക് മാന്യമായും അനായാസമായും നോമ്പ് തുറക്കൽ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഇത് നിരവധിപേർക്ക് ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലുലു വക്താവ് വ്യക്തമാക്കി.
ലുലു ഹൈപ്പർ മാർക്കറ്റിന്റെ പിന്തുണക്ക് നന്ദി അറിയിക്കുന്നതായും കുവൈത്തിലുടനീളം ഏറ്റവും ആവശ്യമുള്ളവരിൽ ഇഫ്താർ ഭക്ഷണ കിറ്റുകൾ എത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും നമാ ചാരിറ്റി പ്രതിനിധി പറഞ്ഞു. ഈ പങ്കാളിത്തം നിരവധി കുടുംബങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. റമദാനിലുടനീളം ഹൈപ്പർ മാർക്കറ്റ് സ്വന്തം നിലക്കും ഇഫ്താർ കിറ്റ് വിതരണം നടത്തുന്നുണ്ട്. റമദാനിലും അല്ലാത്തപ്പോഴും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന രാജ്യത്തെ പ്രമുഖ സന്നദ്ധസംഘടനയാണ് നമാ ചാരിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.