കുവൈത്ത് സിറ്റി: കുവൈത്തിലെ സാംസ്കാരിക മേഖലയിൽ പുതുചരിത്രമെഴുതി ഇരുപതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി ‘മധുരമെൻ മലയാളം’ ആഘോഷരാവിന് വെള്ളിയാഴ്ച അബ്ബാസിയ ടൂറിസ്റ്റിക് പാർക്കിൽ അരങ്ങുണരും. ശ്രേഷ്ഠഭാഷയുടെ ചൈതന്യമേറ്റുവാങ്ങി ഇതര ജി.സി.സി രാജ്യങ്ങളിൽ അരങ്ങേറിയ ‘മധുരമെൻ മലയാളം’ പരിപാടിയുടെ തുടർച്ചയായാണ് കുവൈത്തിലും ചരിത്രമെഴുതാൻ ‘ഗൾഫ് മാധ്യമം’ ഒരുങ്ങുന്നത്.
കുവൈത്ത് ഇതുവരെ കണ്ടതിൽവെച്ചേറ്റവും വലിയ കലാസാംസ്കാരിക പരിപാടിക്കാണ് ജലീബ് അൽ ശുയൂഖിലെ ടൂറിസ്റ്റിക് പാർക്ക് വേദിയാവുക. വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് പരിപാടി ആരംഭിക്കും. 4.30 മുതൽ നഗരിയിലേക്ക് പ്രവേശനം അനുവദിക്കും. കലാകൈരളിയുടെ അഭിമാനമായ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്, നടി മഞ്ജു വാര്യർ, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് വിനായകൻ, എഴുത്തുകാരൻ സേതു എന്നിവർ മുഖ്യാതിഥികളാവും. ദേശീയ അവാർഡ് ജേതാവ് ഗോപീസുന്ദർ നയിക്കുന്ന സംഗീത സന്ധ്യയും ടിനി ടോമും ഗിന്നസ് പക്രുവും നേതൃത്വം നൽകുന്ന ഹാസ്യാവിഷ്കാരങ്ങളുമുണ്ടാവും. നടൻ ഇടവേള ബാബുവാണ് ഷോ സംവിധാനം ചെയ്യുന്നത്. മലയാള ഭാഷക്കും കുവൈത്തിലെ മലയാളി സമൂഹത്തിനിടയിലും ശ്രദ്ധേയ സംഭാവനകളർപ്പിച്ച വിവിധ സംഘങ്ങളെ ചടങ്ങിൽ ആദരിക്കും. ഗൾഫ് മാധ്യമം നടത്തിയ മധുരാക്ഷര മത്സരം, മുത്തച്ഛന് കത്തെഴുതാം എന്നീ മത്സരങ്ങളിലെ വിജയികൾക്ക് വേദിയിൽ സമ്മാനങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.