റമദാന് വിടപറയുകയാണ്. മാനത്ത് അമ്പിളിക്കല തെളിയുന്നതോടെ വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കും. ഇതുവരെ പുലർത്തിയ ആരോഗ്യ ശീലങ്ങൾ തുടരാൻ ഈ ഘട്ടത്തിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ഒരു മാസത്തെ നിയന്ത്രണങ്ങൾ എല്ലാം ഉപേക്ഷിക്കുകയും വീണ്ടും പഴയപോലെ ജീവിതരീതികൾ ആരംഭിക്കുകയും ചെയ്താൽ നോമ്പുകൊണ്ട് നേടിയ ഗുണങ്ങൾ നഷ്ടപ്പെടും.
സ്ഥിരം മരുന്നു കഴിച്ചിരുന്നവർ നോമ്പുസമയത്ത് ഇവയിൽ മാറ്റം വരുത്തിയിട്ടുണ്ടാകാം. നോമ്പുകാലം കഴിയുന്നതോടെ ഇവ പഴയ രീതിയിൽ തുടരാവുന്നതാണ്. നോമ്പ് ആരോഗ്യ കാര്യങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് അറിയാനും മരുന്നുകളുടെ ഡോസും മറ്റും തീരുമാനിക്കാനും ഒരു ഡോക്ടറുടെ ഉപദേശം തേടിയതിനുശേഷം മരുന്നിൽ മാറ്റം വരുത്തുന്നതാകും നല്ലത്. അസുഖബാധിതരും സ്ഥിരമായി മരുന്നുകള്‍ കഴിക്കുന്നവരും ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്.
കൊളസ്ട്രോൾ, ഷുഗർ എന്നിവയിൽ നോമ്പുകാലം വലിയ മാറ്റം വരുത്തുന്നതിനാൽ നോമ്പ് കഴിയുന്നതോടെ ഇവ പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം മരുന്നുകൾ തുടർന്നാൽ മതിയാകും. ഇത് ഉറപ്പുവരുത്തുന്നതിനായി രക്തപരിശോധനയും ഡോക്ടറുടെ നിർദേശങ്ങളും സ്വീകരിക്കണം.
മാനസിക, ആത്മീയ നേട്ടങ്ങൾക്കൊപ്പം ശാരീരികവും ആരോഗ്യകരവുമായ ഒട്ടേറെ ഗുണങ്ങൾ നോമ്പുമൂലം കൈവരുന്നുണ്ട്. ശരിയായ രീതിയിലുള്ള ഭക്ഷണക്രമം കൊണ്ടുള്ള നോമ്പ് ആമാശയം ശുദ്ധീകരിക്കുകയും ദഹനവ്യവസ്ഥയെ ക്രമപ്പെടുത്തുകയും ചെയ്യും. നിരവധി രോഗങ്ങളെ പ്രതിരോധിക്കാനും ഇതുവഴി കഴിയും.
ഭക്ഷണക്രമീകരണം ഉള്ളതിനാൽ നോമ്പ് കഴിയുന്നതോടെ പലരും മെലിയുകയും ശരീരഭാരം കുറയുകയും ചെയ്തതായി കാണാം. ശരീരത്തിലെ കൊഴുപ്പിന്റെ അളവും കുറഞ്ഞിരിക്കും. ചായയും കാപ്പിയും കഴിക്കുന്നതു കുറക്കുക, കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, അമിത ഉപ്പും, മധുരവും ഒഴിവാക്കുക എന്നിവ ശ്രദ്ധിച്ചാൽ നോമ്പിനു ശേഷവും ആരോഗ്യം നിലനിർത്താൻ സഹായിക്കും. പഴവർഗങ്ങളും ഇലകളും പച്ചക്കറികളും കൂടുതൽ കഴിക്കുക. ഇതിനൊപ്പം വ്യായാമവും പതിവാക്കിയാൽ ആരോഗ്യം കാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.