കുവൈത്ത് സിറ്റി: നാട്ടുകാരനും പ്രിയ നടനുമായ മാമുക്കോയയുടെ നിര്യാണത്തിന്റെ ആഘാതത്തിലാണ് കുവൈത്തിലെ കോഴിക്കോട്ടുകാർ. സിനിമയിലൂടെ ലോകമലയാളികളെ ചിരിപ്പിക്കുമ്പോഴും, തങ്ങളുടെ നാടിന്റെ സംസാരശൈലിയും ലാളിത്യവും അപരസ്നേഹവുമെല്ലാം ജീവിതത്തിൽ പുലർത്തിയ ‘തനിനാടൻ’ അയൽക്കാരനെ നഷ്ടപ്പെട്ട വേദനയിലാണ് കോഴിക്കോട് സ്വദേശികൾ.
കലാ-സിനിമ രംഗത്ത് നിറഞ്ഞുനിന്ന എം.എസ്. ബാബുരാജ്, നെല്ലിക്കോട് ഭാസ്കരൻ, കെ.പി. ഉമ്മർ, കുതിരവട്ടം പപ്പു, ബാലൻ കെ.നായർ, ഐ.വി. ശശി, ദാമോദരൻ മാഷ്, ശാന്താദേവി തുടങ്ങിയ കലാകോഴിക്കോടിന്റെ സുവർണ കാലഘട്ടത്തിലെ അവസാന കണ്ണിയും മാമുക്കോയയുടെ വിയോഗത്തിലൂടെ അറ്റുപോയിരിക്കുന്നു.
മാമുക്കോയയുടെ വിയോഗം കോഴിക്കോടിന്റെ തീരാനഷ്ടങ്ങളിൽ ഒന്നായി പലരും ചൂണ്ടിക്കാട്ടി. 2009ലാണ് അവസാനമായി മാമുക്കോയ കുവൈത്ത് സന്ദർശിച്ചത്. കോഴിക്കോട് ജില്ല അസോസിയേഷൻ അഡ്ഹോക്ക് കമ്മിറ്റി നേതൃത്വത്തിൽ നടന്ന ആദ്യ പരിപാടിയിൽ മുഖ്യാതിഥിയായാണ് മാമുക്കോയ എത്തിയത്. ഹസ്സൻ തിക്കോടി, അഡ്വ. റസാഖ് എം. പയ്യോളി, സിദ്ദീഖ് വലിയകത്ത്, സുരേഷ് മാത്തൂർ, ശാന്തകുമാർ, ബഷീർ ബാത്ത, കെ. ഹസ്സൻ കോയ, സത്യൻ വരുണ്ട, റാഫി എം.ഇ.എസ്, മലയിൽ മൂസക്കോയ, കൃഷ്ണൻ കടലുണ്ടി, ഹമീദ് കേളോത്ത്, സന്തോഷ് പുനത്തിൽ, എം.എം. സുബൈർ, അബ്ദുല്ല കൊള്ളാരത്ത്, റിഷി ജേക്കബ്, അബൂബക്കർ, കെ. അലി കോയ എന്നിവരായിരുന്നു പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകിയത്.
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ എം.എസ്. ബാബുരാജിന്റെ ഗാനങ്ങൾ മാത്രം കോർത്തിണക്കി ഗായകൻ സതീഷ്ബാബുവിന്റെ നേതൃത്വത്തിൽ നടന്ന ‘ബാബുരാജ് നൈറ്റ്സ്’ ഗാനമേളയും കുവൈത്തിന് പുതിയ അനുഭവമായിരുന്നു. കോഴിക്കോട് പ്രവാസികൾ തയാറാക്കിയ ചെറിയ സ്കിറ്റിൽ നാട്ടുകാർക്കൊപ്പം മാമുക്കോയ അഭിനയിക്കുകയും ഉണ്ടായി. മൂന്നുദിവസം കുവൈത്തിൽ തങ്ങിയ അദ്ദേഹം മലയാളികളുമായി വലിയ അടുപ്പം പുലർത്തിയതായി സുരേഷ് മാത്തൂർ പറഞ്ഞു.
കുവൈത്ത് സിറ്റി: പ്രശസ്ത നടൻ മാമുക്കോയയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ)അനുശോചനം രേഖപ്പെടുത്തി. നാടക, സിനിമ മേഖലകളിൽ ഹാസ്യനടനായും സ്വഭാവ നടനായും, കേരളത്തിലെ സാംസ്കാരിക-കായിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായിരുന്നു മാമുക്കോയയെന്ന് കെ.ഡി.എൻ.എ വിലയിരുത്തി. മാമുക്കോയയുടെ വേർപാട് കേരളത്തിന് കനത്ത നഷ്ടമാണെന്നും അനുശോചനക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് സിറ്റി: മാമുക്കോയയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ല അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. നാടകത്തിലൂടെ കടന്നുവന്ന് കോഴിക്കോടന്‍ ശൈലിയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ച നടനായിരുന്നു മാമുക്കോയയെന്ന് അസോസിയേഷൻ വ്യക്തമാക്കി. മലയാളികള്‍ക്ക് ഓർമിക്കാന്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ചാണ് മാമുക്കോയ ഓർമയാകുന്നത്. കോഴിക്കോട് ജില്ല അസോസിയേഷന്റെ രൂപവത്കരണയോഗ സമ്മേളനത്തിൽ മുഖ്യാതിഥിയും ഉദ്ഘാടകനുമായിരുന്നു.അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
കുവൈത്ത് സിറ്റി: കോഴിക്കോടൻ ഭാഷയും ശൈലിയും മലയാളികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയ കലാരംഗത്തെ കോഴിക്കോടിന്റെ സുവർണ തലമുറയിലെ അവസാന കണ്ണിയായിരുന്നു മാമുക്കോയയെന്ന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വ്യക്തമാക്കി.
മലയാള സിനിമക്കും കോഴിക്കോടിനും തീരാനഷ്ടമാണ് മാമുക്കോയയുടെ വിയോഗം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് അറിയിച്ചു. മാമുക്കോയ അദ്ദേഹം ചെയ്ത നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ ജനമനസ്സിൽ ഇനിയും ജീവിക്കും.
ബേപ്പൂർ ഭാഗത്തുള്ള ആളുകൾക്ക് മാമുക്കോയ ഒരു സെലിബ്രിറ്റിയൊന്നും ആയിരുന്നില്ല. നാട്ടിലുള്ള സമയത്താണേൽ ഷർട്ടിടാതെ കള്ളിമുണ്ടും ഉടുത്ത് തോർത്തും തോളിലിട്ട് അരക്കിണറിലുള്ള വീടിനു മുന്നിൽ മൂപ്പരെ കാണാം. സ്കൂൾ കാലഘട്ടത്തിൽ ഞങ്ങളുടെ സ്കൂൾ യൂത്ത് ഫെസ്റ്റിവലിന്റെ സ്ഥിരം അതിഥിയായിരുന്നു മാമുക്കോയ. അതിന് ഒരു കാരണവുമുണ്ട്. നാട്ടിലെ പരിപാടി ആകുമ്പോൾ ഫ്രീ ആയി മൂപ്പരെ കിട്ടും.
ഒരിക്കൽ ഒരു പരിപാടിക്ക് ക്ഷണിക്കാൻ പോയപ്പോൾ മൂപ്പർ തന്നെ പറഞ്ഞു ‘സ്ഥിരം വന്നുവന്നു ആളുകൾക്ക് എന്നെ ബോറടിച്ചു തുടങ്ങിയിട്ടുണ്ടാകും. ഇങ്ങള് പൈസ ഒന്നും കൊടുക്കണ്ട, ഞാൻ വേറെ ആരേലും പറഞ്ഞയക്കാൻ നോക്കാം’ അങ്ങനെ ചെറിയ ചെലവിൽ അദ്ദേഹം നടൻ സുധീഷിനെ ഏർപ്പാടുചെയ്തു തന്നത് ഓർമയിൽ മായാതെ കിടപ്പുണ്ട്.
മാമുക്കോയയെ കാണുന്നു, അറിയുന്നു എന്നല്ലാതെ ആ കാലത്തൊന്നും ഒരു സിനിമാനടൻ എന്നതിലുപരി അദ്ദേഹത്തെപ്പറ്റി കൂടുതൽ മനസ്സിലാക്കാനൊന്നും സാധിച്ചിരുന്നില്ല. കലാരംഗത്തിനപ്പുറം ആ നാട്ടിൽ അദ്ദേഹവുമായി ബന്ധപ്പെട്ട മിക്ക ആളുകളുടെയും അവസ്ഥ ഇതുതന്നെയാകും. പിന്നീട് വായിച്ചും ഇന്റർവ്യൂകളിലൂടെയുമാണ് അദ്ദേഹം കടന്നുവന്ന വഴിയും കലാകോഴിക്കോടിന് അദ്ദേഹം നൽകിയ സംഭാവനകളും മനസ്സിലാകുന്നത്. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറുമായുള്ള അടുപ്പമാണ് മാമുക്കോയയെ സിനിമയിൽ എത്തിക്കുന്നതെന്നത് മറ്റൊരു നാടോർമ. ഒന്നുമില്ലായ്മയിൽനിന്ന് വളർന്നുവന്ന് ഒരു ദേശത്തിന്റെ അടയാളപ്പെടുത്തലായി മാറിയ കലാകാരൻ അരങ്ങൊഴിയുമ്പോൾ നൽകാൻ പ്രാർഥനകൾ മാത്രം.
നല്ല ഭക്ഷണവും നല്ല സംഗീതവുമാണ് ശരാശരി കോഴിക്കോട്ടുകാരുടെ പ്രധാന ആകർഷണം. അത് രണ്ടും വേണ്ടുവോളം ചേർന്ന ഒരാളുമാണ് മാമുക്കോയ. കോഴിക്കോടൻ ഭക്ഷണവും ബാബുക്കയുടെ പാട്ടുകളും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നയാൾ. ആ വലിയ കലാകാരൻ അദ്ദേഹം പകർന്നാടിയ വേഷങ്ങളിലൂടെ നമ്മളെ പിന്തുടരും. ചിരിപ്പിക്കും, കരയിപ്പിക്കും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.