കുവൈത്ത് സിറ്റി: മണിപ്പൂർ വംശഹത്യക്കെതിരെ ഒരുമയുടെ സന്ദേശവുമായി പ്രവാസി വെൽഫെയർ കുവൈത്ത് എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധ സംഗമം. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കേന്ദ്ര ആക്ടിങ് പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്തു.
എറണാകുളം ജില്ല പ്രസിഡന്റ് അഡ്വ. സിറാജ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് അൻവർ സഈദ് മുഖ്യ പ്രഭാഷണം നടത്തി. മണിപ്പൂരിലെ കലാപം ഭരണകൂട പിന്തുണയിൽ സംഘ്പരിവാർ ആസൂത്രിതമായി നടത്തുന്ന വംശീയ ഉന്മൂലനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹരിയാനയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും മഹാരാഷ്ട്രയിൽ ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥനെയും മൂന്നു ചെറുപ്പക്കാരെയും വെടിവെച്ചുകൊന്നതും അധികാരത്തിന്റെ തണലിൽ നടക്കുന്ന വെറുപ്പുൽപാദന പദ്ധതിയുടെ അനന്തരഫലമാണ്. വെൽഫെയർ പാർട്ടി മുന്നോട്ടുവെക്കുന്ന സാഹോദര്യ രാഷ്ട്രീയത്തിലൂടെ മാത്രമേ രാജ്യത്ത് കലാപശൂന്യമായ അന്തരീക്ഷം സ്ഥാപിക്കാൻ കഴിയൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കുവൈത്ത് ആലുവ പ്രവാസി അസോസിയേഷൻ (കാപ) പ്രതിനിധി അബിൻ അശ്റഫ്, കോലഞ്ചേരി സൗഹൃദ കൂട്ടായ്മ സെക്രട്ടറി ബിജു, പ്രവാസി വെൽഫെയർ കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് മാത്യു എന്നിവർ പ്രതിഷേധ സംഗമത്തിന് ഐക്യദാർഢ്യം അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സനൂജ് സുബൈർ സ്വാഗതവും ട്രഷറർ ഫിറോസ് ഹുസൈൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.