കുവൈത്ത് സിറ്റി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരകളായവർക്ക് താങ്ങായി മെട്രോ മെഡിക്കൽ ഗ്രൂപ്. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ ഭൂമി സൗജന്യമായി നൽകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് അറിയിച്ചു.
ഉരുൾപൊട്ടലിൽ ജീവൻ തിരിച്ചുകിട്ടിയ നൂറുകണക്കിനാളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ദുരിതബാധിതർക്കുള്ള ആഹാരവും വസ്ത്രങ്ങളുമൊക്കെയായി സഹായ പ്രവാഹമാണ്. അവശ്യ സാധനങ്ങൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽനിന്ന് ഒഴുകിയെത്തുമ്പോഴും, തല ചായ്ക്കാൻ ഒരിടമില്ലെന്ന വേദനയിലാണ് ആശ്രിതർ.
വീട് വെച്ച് നൽകാൻ സഹായിക്കുമെന്ന് അറിയിച്ചു നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ അതിനുള്ള ഭൂമി ആര് നൽകുമെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 25 കുടുംബങ്ങൾക്ക് വീടു വെക്കാനാവശ്യമായ ഭൂമി നൽകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ പ്രഖ്യാപിച്ചത്.
വയനാട്ടിലെ കുടുംബങ്ങൾ അനുഭവിക്കുന്ന നഷ്ടങ്ങളും കഷ്ടപ്പാടുകളും ആഴത്തിൽ സ്പർശിച്ചതായും, സ്ഥിരതയും പ്രത്യാശയും വീണ്ടെടുക്കാൻ അവരുടെ കൂടെനിന്ന് ജീവിതം പുനർനിർമിക്കാൻ അടിത്തറ നൽകുക എന്നതാണ് ലക്ഷ്യമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.