കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീനികൾക്ക് മാനുഷികതയുടെ സഹായഹസ്തം നീട്ടി പ്രമുഖ ആരോഗ്യ പരിരക്ഷാ ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുമായുള്ള സഹകരണത്തിലൂടെ ഗസ്സയിലേക്ക് ആദ്യഘട്ട വൈദ്യസഹായ വസ്തുക്കൾ കൈമാറി.
ഒരു ലക്ഷത്തോളം ഡോളർ വിലമതിക്കുന്ന മരുന്നുകളും ചികിത്സ സാമഗ്രികളും വിവിധ ഘട്ടങ്ങളിലായി കൈമാറും. സഹായത്തിന്റെ പ്രാരംഭഘട്ടമെന്ന നിലയിൽ അടിയന്തര സഹായമാണ് കഴിഞ്ഞ ദിവസം കൈമാറിയതെന്നും രണ്ടാം ഘട്ടത്തിൽ വീൽ ചെയറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ സഹായങ്ങൾ നല്കുമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ അറിയിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് സഹായം. ദുരിതം അനുഭവിക്കുന്നവരെ ചേർത്തുനിർത്തൽ പ്രതിസന്ധി ഘട്ടങ്ങളിൽ ഐക്യത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഭാഗമാകൽ എന്നിവ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മെട്രോ മെഡിക്കൽ ഗ്രൂപ് അറിയിച്ചു. സാമൂഹിക സേവന സംരംഭങ്ങൾ തുടരുകയും വിപുലീകരിക്കുകയും ചെയ്യുന്നതിലൂടെ ആരോഗ്യ പരിപാലന രംഗത്ത് ഉത്തേജനമായി മാറുകയാണ് മെട്രോ മെഡിക്കൽ ഗ്രൂപ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.
കുട്ടികളടക്കം പതിനായിരക്കണക്കിന് ജനങ്ങൾ മരിച്ചുവീഴുകയും പരിക്കേൽക്കുകയും ചെയ്യുന്ന ഗസ്സയിലേക്ക് മെട്രോ മെഡിക്കൽ ഗ്രൂപ് എത്തിച്ച സഹായഹങ്ങൾക്ക് റെഡ് ക്രെസന്റ് സൊസൈറ്റി അംഗങ്ങളായ അബ്ദുൽ റഹ്മാൻ അൽ സലാഹ്,ഫൈസൽ അൽ അഫ്ത് എന്നിവർ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.