കുവൈത്ത് സിറ്റി: സാങ്കേതിക മുന്നേറ്റങ്ങൾക്കിടയിൽ കല്ലുകടിയായി രാജ്യത്ത് സൈബർ തട്ടിപ്പ് അപകടങ്ങളും വെല്ലുവിളികളും തുടരുന്നു. അടുത്തിടെ ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു. സൈബർ തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബാങ്ക്, ടെലികോം കമ്പനികള്‍, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍നിന്നാണെന്ന വ്യാജേന വ്യാജ സന്ദേശങ്ങളും ഫോണ്‍ കാളുകളും വഴി വ്യക്തിവിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പ് രാജ്യത്ത് വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ കൂടിയതിനെ തുടര്‍ന്നാണ് ഈ മേഖലയില്‍ തട്ടിപ്പു വർധിച്ചത്. ഒരു കാരണവശാലും വ്യക്തിവിവരങ്ങളും ബാങ്ക് വിവരങ്ങളും മറ്റൊരാളുമായി പങ്കുവെക്കരുതെന്ന് മന്ത്രാലയം അറിയിച്ചു. ഒ.ടി.പി നമ്പര്‍ കൈവശപ്പെടുത്തി അതുവഴി ഫോണില്‍നിന്നും അക്കൗണ്ട് നമ്പറുകള്‍ ഉൾപ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുകയും പണം കവരുകയുമാണ് ചെയ്യുന്നത്. ഫോണില്‍ കൂടി മറുപടി നല്‍കുന്നതിന് മുമ്പ് സന്ദേശങ്ങളുടെയും ഫോണ്‍ വിളികളുടെയും ആധികാരികത ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വ്യാജ നമ്പറിൽ കാള്‍ ലഭിച്ചാല്‍ ഉടന്‍ അധികൃതരുമായി ബന്ധപ്പെടണം.
സൈബർ കുറ്റകൃത്യത്തിന്റെ അപകടങ്ങളെയും അളവുകളെയും കുറിച്ചുള്ള അറിവില്ലായ്മയും, അവബോധമില്ലായ്മയുമാണ് പലരെയും വലിയ നഷ്ടങ്ങളിൽ എത്തിക്കുന്നത്. പറ്റിക്കപ്പെട്ടാലും പലരും പരാതി അറിയിക്കാറില്ല.
സൈബർ ക്രൈം സംബന്ധിച്ച് കഴിഞ്ഞവർഷം ആഭ്യന്തര മന്ത്രാലയത്തിന് 4,000ത്തോളം പരാതികളാണ് ലഭിച്ചത്. എന്നാൽ, ഇരയായവരിൽ പത്തു ശതമാനം മാത്രമേ പരാതി നൽകുന്നുള്ളൂ എന്ന് സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി വ്യക്തമാക്കി. ഇത് കുറ്റകൃത്യം ചെയ്യുന്നവർക്ക് സഹായകമാകുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നത് ചർച്ചചെയ്യാൻ ഡിസംബറിൽ ആഭ്യന്തര മന്ത്രാലയ സഹകരണത്തിൽ സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി പ്രത്യേക സമ്മേളനം ചേർന്നിരുന്നു.
കുവൈത്ത് സിറ്റി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളിൽ സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷൻ വഴിയുള്ള തട്ടിപ്പും സജീവമാണ്. പ്രധാന സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷൻ ആയ എനി ഡസ്കാണ് വിവരം ചോർത്താൻ തട്ടിപ്പ് സംഘം വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. സമാനമായ മറ്റു ഷെയറിങ് ആപ്പുകളും തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്.
ഷെയറിങ് ആപ്പുകൾ വഴി ഫോണിലേക്കും കമ്പ്യൂട്ടറുകളിലേക്കും നുഴഞ്ഞുകയറി വിവരം ചോർത്തുകയും പണം തട്ടുകയുമാണ് രീതി. രാജ്യത്ത് അടുത്തിടെയായി ഇത്തരത്തിലുള്ള 300 പരാതി ലഭിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. എനിഡെസ്ക് ഡൗൺലോഡ് ചെയ്യുന്നതിനെതിരെ അഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.
വിവിധ ആവശ്യം അറിയിച്ച് ഫോണിലേക്ക് വിളിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യശ്രമം. ഔദ്യോഗിക ഇടങ്ങളിൽനിന്ന് എന്ന രൂപത്തിലാകും വിളികൾ. ബാങ്ക് അക്കൗണ്ട് അപ്ഡേഷൻ, തിരിച്ചറിയൽ കാർഡ് വിവരങ്ങളുടെ അപ്ഡേഷൻ എന്നിവയുടെ കാര്യം വിശ്വാസ്യത തോന്നുന്നരീതിയിൽ അവതരിപ്പിക്കും. തുടർന്ന് എനി ഡെസ്ക് ആപ് ഡൗൺലോഡ് ചെയ്യാനും വിവരങ്ങൾ കൈമാറാനും പറയും. ഇവ കൈമാറുന്നതോടെ, ഫോൺ നിയന്ത്രണം വിളിക്കുന്ന ആളുടെ കൈയിലാവും. ഫോണിൽ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയും നെറ്റ് ബാങ്കിങ് ആപ് പ്രവർത്തിപ്പിച്ചും പണം തട്ടാൻ ഇതുവഴി മറ്റുള്ളവർക്കാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.