കുവൈത്ത് സിറ്റി: സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കാനിരിക്കെ സ്വകാര്യ അറബ് സ്കൂളുകളിലെ കുട്ടികളുടെ ആധിക്യം ചർച്ചയാകുന്നു. ആരോഗ്യ മാർഗനിർദേശം പാലിച്ചും സാമൂഹിക അകലം ഉറപ്പുവരുത്തിയും പ്രവർത്തിക്കുന്നത് ബുദ്ധിമുട്ടാകും എന്നാണ് വിലയിരുത്തൽ. ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വകുപ്പിെൻറ നിലപാട്.
ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിൽ രക്ഷിതാക്കൾ എതിർപ്പ് പ്രകടിപ്പിക്കുന്നു. കാരണം അവരിൽ ഭൂരിഭാഗവും ഇൗ സമയങ്ങളിൽ ഒാഫിസുകളിലാകും. ആദ്യ ഘട്ടത്തിൽ ഒരു ക്ലാസിൽ പരമാവധി 20 കുട്ടികളെ മാത്രം അനുവദിക്കാമെന്ന ധാരണയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഉള്ളതെന്നാണ് വിവരം. 179 സ്വകാര്യ അറബിക് സ്കൂളുകളാണ് രാജ്യത്തുള്ളത്.
79 സ്കൂളുകൾ ആൺകുട്ടികളുടേതും 52 എണ്ണം പെൺകുട്ടികളുടേതും 48 എണ്ണം മിക്സഡ് സ്കൂളുകളുമാണ്. ആകെ വിദ്യാർഥികളുടെ എണ്ണം 90,021 ആണ്. ഇതിൽ 18,718 കുട്ടികൾ കുവൈത്തികളും 71,303 പേർ വിദേശികളുമാണ്. വിദേശികളിൽ ഭൂരിഭാഗവും ഇൗജിപ്ഷ്യൻ, സിറിയൻ വിദ്യാർഥികളാണ്.
കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നത് സ്കൂളുകളെ സംബന്ധിച്ച് വെല്ലുവിളിയാണ്. രക്ഷിതാക്കളുടെ എതിർപ്പ് അവഗണിച്ച് ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താൻ നിർബന്ധിതരാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
വിദ്യാർഥികളെ രണ്ടു ഗ്രൂപ്പുകളാക്കുകയും ഒാരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്തുകയും ചെയ്യുന്ന രീതിയും പരിഗണിക്കുന്നു. ഒക്ടോബർ മൂന്നുമുതൽ വിദ്യാർഥികൾ സ്കൂളുകളിലെത്തി നേരിട്ടുള്ള അധ്യയനം നടത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
ഹൈസ്കൂൾ തലത്തിലെ അധ്യാപകരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും സെപ്റ്റംബർ 19നും മറ്റു തലങ്ങളിലെ അധ്യാപകരും ജീവനക്കാരും സെപ്റ്റംബർ 26നും സ്കൂളിലെത്തും. എല്ലാ തലത്തിലെയും വിദ്യാർഥികൾ ഒക്ടോബർ മൂന്നു മുതലാണ് സ്കൂളിലെത്തുക. ഒരുക്കങ്ങൾക്കായാണ് അധ്യാപകരെയും ജീവനക്കാരെയും നേരേത്ത വരാൻ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.