കുവൈത്ത് സിറ്റി: മൊറോക്കോയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനവുമായി കുവൈത്തിലെ വിവിധ അസോസിയേഷനുകളും ജീവകാരുണ്യ സംഘങ്ങളും. ദുരന്തത്തെ അതിജീവിച്ചവരുടെ ആവശ്യങ്ങൾ നിർണയിക്കാനും അവർക്ക് വേഗത്തിൽ ആശ്വാസം പകരാനുമായി നിരവധി ടീമുകളാണ് പ്രവർത്തിക്കുന്നത്.
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും സാമൂഹികകാര്യ മന്ത്രാലയത്തിന്റെയും ഏകോപനത്തോടെ 14 കുവൈത്ത് സൊസൈറ്റികൾ മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കുവൈത്ത് മൊറോക്കോ ഹ്യൂമാനിറ്റേറിയൻ കാമ്പയിൻ ജനറൽ സൂപ്പർവൈസർ ഒമർ അൽ തുവൈനി വാർത്ത ഏജൻസിയോട് പറഞ്ഞു. “ഞങ്ങൾ ഭൂകമ്പത്തിൽ തകർന്ന ചില പ്രദേശങ്ങളിൽ എത്തി, നാശനഷ്ടങ്ങളുടെ അളവ് പരിശോധിച്ചു” -അദ്ദേഹം പറഞ്ഞു.
കുവൈത്ത് ടീം ഓപറേഷന്റെ തുടക്കത്തിൽ ദുരിതബാധിതർക്ക് പാർപ്പിടവും ഭക്ഷണവും ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കുവൈത്ത് അസോസിയേഷനുകൾ ദുരന്തബാധിതരായ 7,000ത്തിലധികം പേർക്ക് ആയിരത്തിലേറെ ഭക്ഷണപ്പൊതികളും രണ്ടായിരത്തിലേറെ പുതപ്പുകളും വിതരണം ചെയ്തു. ദുരന്തത്തിൽ ഇരയായവരിൽ കുറെപേർ അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണെന്ന് ഒമർ അൽ തുവൈനി പറഞ്ഞു.
അതേസമയം, കുവൈത്ത് ജീവകാരുണ്യ സംഘങ്ങളുടെ രണ്ടാംഘട്ട പ്രവർത്തനത്തിൽ തകർന്ന പ്രദേശങ്ങളിൽ വീടുകൾ, സ്കൂളുകൾ, മെഡിക്കൽ സെന്ററുകൾ എന്നിവ പുനർനിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കുവൈത്ത് അൽ-നജാത്ത് ചാരിറ്റിയിലെ ഉദ്യോഗസ്ഥനായ മെഷാരി അൽ-എനെസി വ്യക്തമാക്കി.
ദുരിതബാധിത പ്രദേശങ്ങളിൽ പര്യടനം നടത്തുന്നതിനിടെ താൻ കണ്ട വൻനാശങ്ങൾ ഭീതിജനിപ്പിക്കുന്നതാണെന്ന് ‘നമാ’ ചാരിറ്റി ഡയറക്ടർ ഖാലിദ് അൽ-ഷമ്രി പറഞ്ഞു. കുവൈത്ത് ദൗത്യത്തിന് വ്യക്തിപരമായി സഹായിച്ച കുവൈത്ത് എംബസി അംബാസഡർ അബ്ദുലത്തീഫ് അൽ-യഹ്യക്ക് അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.