കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മഷാൻ രാജ്യത്തെ വിവിധ തുറമുഖങ്ങളിലെ വികസന പദ്ധതികൾ വിലയിരുത്തി.മുബാറക് അൽ കബീർ, ഷുഐബ, ഷുവൈഖ്, ദോഹ തുറമുഖങ്ങളിൽ മന്ത്രിയും സംഘവും പരിശോധന നടത്തി. കുവൈത്തിലെ ചൈനീസ് അംബാസഡർ ഷാങ് ജിയാൻവെയ്, മുതിർന്ന എൻജിനീയർമാർ, പൊതുമരാമത്ത് മന്ത്രാലയം ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് മന്ത്രി സൈറ്റുകൾ സന്ദർശിച്ചത്. ചൈനയും കുവൈത്തും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ചൈനീസ് സംഘത്തിന്റെ സന്ദർശനമെന്ന് പൊതുമരാമത്ത് മന്ത്രാലയം വ്യക്തമാക്കി. വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നടപടികൾ സന്ദർശന സംഘം വിലയിരുത്തി. മുബാറക് അൽ കബീർ തുറമുഖ പദ്ധതി നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും നിർമാണം ആരംഭിക്കുന്നതിനുള്ള പ്രക്രിയകളും ചർച്ച ചെയ്തു. കുവൈത്തിൽ വൻകിട വികസന പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതികവും നിർമാണപരവും സാമ്പത്തികവുമായ വിഷയങ്ങൾ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ചൈനീസ് പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.