കുവൈത്ത് സിറ്റി: ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളുടെ വെളിച്ചത്തിൽ ഗസ്സയിലെ നിലവിലെ സാഹചര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച ബില്ലിന് അംഗീകാരം നൽകണമെന്ന് കുവൈത്ത് ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയോട് (യുനെസ്കോ) ആവശ്യപ്പെട്ടു. എല്ലാ യുനെസ്കോ അംഗരാജ്യങ്ങളോടും ബില്ലിന് അംഗീകാരം നൽകുന്നതിന് വോട്ട് ചെയ്യാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദൽ അൽ മന ആഹ്വാനം ചെയ്തു. യുനെസ്കോ പൊതുസമ്മേളനത്തിന്റെ 42ാമത് സെഷനിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം, പത്രപ്രവർത്തന സ്വാതന്ത്ര്യം, മാധ്യമപ്രവർത്തകരുടെ ജീവനും സുരക്ഷയും എന്നിവ സംരക്ഷിക്കുന്നതാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശ കൺവെൻഷനുകളുടെയും ലംഘനമാണ്. യുനെസ്കോയുടെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും ചുമതലകൾ സുഗമമാക്കുന്നതിനും സഹകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.
കുവൈത്ത് ബജറ്റിന്റെ വലിയൊരു ഭാഗം വിദ്യാഭ്യാസത്തിനും സമൂഹത്തിന്റെ വികസനത്തിനും ശോഭനമായ ഭാവി ഉറപ്പാക്കുന്നതിനുമായി ചെലവഴിക്കുന്നതായും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.